ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്താൽ ബംഗ്ലാദേശിന്റെ പകുതിഭാഗവും കാലിയാകുമെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. ഹൈദരാബാദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ 130 കോടി ജനങ്ങൾക്ക് എതിരാണെന്ന് തെളിയിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
“ബംഗ്ലാദേശികൾക്ക് ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താൽ ബംഗ്ലാദേശിന്റെ പകുതിഭാഗവും ശൂന്യമാകും. പകുതി ബംഗ്ലാദേശികളും ഇന്ത്യയിലേക്കു വരും. അതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? ചന്ദ്രശേഖർ റാവുവോ രാഹുൽ ഗാന്ധിയോ?”- അദ്ദേഹം ചോദിച്ചു. നുഴഞ്ഞുകയറ്റക്കാർക്കു വേണ്ടിയാണ് അവർ പൗരത്വം ആവശ്യപ്പെടുന്നത്. സി.എ.എ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും കിഷൻ റെഡ്ഡി പറഞ്ഞു.
Read more
ടി.ആർ.എസും എ.ഐ.എം.ഐ.എമ്മും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. “ഞാൻ ടി.ആർ.എസ് പാർട്ടിയോട് അപേക്ഷിക്കുന്നു. ഞാൻ മുഖ്യമന്ത്രി കെ.സി.ആറിനോട് അപേക്ഷിക്കുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ 130 കോടി ജനങ്ങളിൽ ആരെയെങ്കിലും ഒരാളെ ബാധിക്കുമെന്ന് തെളിയിക്കാൻ ഞാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു”- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 40 വർഷമായി ചില കുടിയേറ്റക്കാർ വോട്ടർ ഐഡിയോ ആധാർ കാർഡോ പോലുള്ള യാതൊരു രേഖകളുമില്ലാതെയാണ് രാജ്യത്തു കഴിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.