മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് പീഡനം; വിസ്താരത്തിനെത്തിച്ച പ്രതി കോടതി വളപ്പില്‍ നിന്ന് രക്ഷപ്പെട്ടു

ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്രഭായ് പട്ടേലിന്റെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് മോഡലിനെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി വളപ്പില്‍ നിന്ന് രക്ഷപ്പെട്ടു. പ്രതി വിരാജ് പട്ടേല്‍ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സിറ്റിയുടെ പ്രസിഡന്റ് ചമഞ്ഞും തട്ടിപ്പ് നടത്തിയിരുന്നു. വിരാജ് പട്ടേലിനെ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്താരത്തിന് കൊണ്ടുവന്നപ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.

കഴിഞ്ഞ ഏപ്രിലില്‍ പിടിയിലായ പ്രതിയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ നിന്ന് രക്ഷപ്പെട്ടതോടെ പ്രതിയ്‌ക്കെതിരെ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിക്കുന്നു.

ഏപ്രില്‍ മാസത്തില്‍ ഇയാള്‍ നഗരത്തിലെ ഒരു മള്‍ട്ടിപ്ലക്‌സില്‍ വഴക്കുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലാകുന്നത്. ഇയാള്‍ക്കൊപ്പം പിന്നീട് പരാതി നല്‍കിയ മോഡലും സംഭവ സമയത്ത് ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പൊലീസിനോടും ഇയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫാണെന്ന് പറഞ്ഞു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ രേഖകള്‍ പരിശോധിച്ച പൊലീസ് പ്രതി വ്യാജനാണെന്ന് കണ്ടെത്തുകയായിരുന്നു.

Read more

ഇതോടെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മോഡല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സിറ്റിയുടെ അംബാസഡറായി നിയമനം നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ തന്നെ പീഡിപ്പിച്ചെന്നായിരുന്നു മോഡലായ പെണ്‍കുട്ടി നല്‍കിയ പരാതി.