മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാന്‍ ആംആദ്മി പാര്‍ട്ടി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഹര്‍ഭജന്‍ സിംഗിന് പുറമെ ഐഐടി പ്രൊഫസര്‍ സന്ദീപ് പതക്ക്, വിദ്യാഭ്യാസ വിദഗ്ധന്‍ അശോക് കുമാര്‍ മിട്ടല്‍, ഡല്‍ഹി എംഎല്‍എ രാഖവ് ചന്ദ എന്നിവരാകും രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍. ഏഴ് രാജ്യസഭാ സീറ്റുകളുള്ള പഞ്ചാബില്‍ അഞ്ചിടങ്ങളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 സീറ്റുകളില്‍ 92 സീറ്റ് നേടി വിജയിച്ച ആംആദ്മി പാര്‍ട്ടിക്ക് ഇത്തവണ മുഴുവന്‍ രാജ്യസഭാ സീറ്റുകളിലേക്കും വിജയിക്കാനാകും. ഇതോടെ രാജ്യസഭയില്‍ ആപ്പിന്റെ സാന്നിധ്യം മൂന്നില്‍ നിന്നും എട്ടിലേക്ക് ഉയരും.
നേരത്തെ മുന്‍ ക്രിക്കറ്റര്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയച്ചിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദുവിനെ ഹര്‍ഭജന്‍ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും താരം നിഷേധിക്കുകയായിരുന്നു. പഞ്ചാബില്‍ ആപ് സര്‍ക്കാരിന്റെ വിജയത്തെ പ്രകീര്‍ത്തിച്ച് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിരുന്നു.
മാര്‍ച്ച് 31നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. അതിനിടെ ഹര്‍ഭജന്‍ സിംഗിനെ നിര്‍ദ്ദിഷ്ഠ കായിക സര്‍വ്വകലാശാലയുടെ ഡയറക്ടറാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.