"ഇനി നമുക്ക് കശ്മീരി പെൺകുട്ടികളെ വിവാഹം കഴിക്കാൻ കൊണ്ടുവരാം": സ്ത്രീവിരുദ്ധ പരാമർശവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനാൽ കശ്മീരി സ്ത്രീകളെ വിവാഹത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ വെള്ളിയാഴ്ച നടത്തിയ പ്രസ്താവന വിവാദമാകുന്നു.

“ബീഹാറിൽ നിന്ന് ബഹുവിനെ (മരുമകളെ) കൊണ്ടുവരുമെന്ന് ഞങ്ങളുടെ മന്ത്രി ഒ.പി ധൻഖാർ പറയാറുണ്ടായിരുന്നു,” ഫത്തേഹാബാദിൽ നടന്ന പരിപാടിയിൽ മനോഹർ ലാൽ ഖത്തർ പറഞ്ഞു. “കശ്മീരിലേക്കുള്ള പാത തുറന്നിട്ടുണ്ടെന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്. ഇനി ഇപ്പോൾ കശ്മീരിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവരും.” “ബേറ്റി ബച്ചാവോ ബേറ്റി പഠാവോ” പ്രചാരണത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഇന്ത്യ തിങ്കളാഴ്ച പരിഷ്കരിച്ചതു മുതൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ നിയമങ്ങൾ ജമ്മു കശ്മീരിലും ബാധകമാവും. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് വന്നത് മുതൽ കശ്മീരി സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ചു നിരവധി ആളുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീവിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത്. ഇതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തറിന്റെയും പ്രസ്താവന വന്നിരിക്കുന്നത്.

ആർട്ടിക്കിൾ 370 ൽ നേരത്തെ നിലനിന്നിരുന്ന വ്യവസ്ഥകൾ പ്രകാരം, ജമ്മു കശ്മീരിൽ നിന്നുള്ള ഒരു സ്ത്രീക്ക് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിച്ചാൽ അവളുടെ സംസ്ഥാനത്തുള്ള സ്വത്തവകാശവും, സംസ്ഥാന പ്രജ എന്ന പദവിയും നഷ്ടപ്പെടുമായിരുന്നു. ഈ വ്യവസ്ഥ സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികൾക്കും ബാധകമായിരുന്നു.

Read more

കശ്മീരിലെ വെളുത്ത നിറമുള്ള സ്ത്രീകളെ ഇനി വിവാഹം കഴിക്കാൻ കഴിയും എന്നതിനാൽ ബി.ജെ.പി യിലെ മുസ്‌ലിം പ്രവർത്തകർ, കേന്ദ്രത്തിന്റെ തീരുമാനത്തിൽ സന്തുഷ്ടരായിരിക്കും എന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി അംഗവും ഉത്തർപ്രദേശിലെ ഖത്തൗലി നിയോജകമണ്ഡലത്തിലെ എം‌.എൽ‌.എയുമായ വിക്രം സിംഗ് സൈനി പറഞ്ഞിരുന്നു.