ഹരിയാന തിരഞ്ഞെടുപ്പ് തോൽവി; ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തോൽ‌വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി സന്നദ്ധതയറിയിച്ച് കോൺഗ്രസ് നേതാവും ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ ദീപക് ബാബരിയ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചാണ് ബാബരിയ രാജിസന്നദ്ധത അറിയിച്ചത്. തന്റെ ചുമതലയിലേക്ക് മറ്റാരെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും ബാബരിയ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്.

ഹരിയാനയിൽ കോൺഗ്രസിന്റെ എല്ലാ കണക്കു കൂട്ടലുകളെയും എക്സിറ്റ് പോൾ ഫലങ്ങളെയും അസ്ഥാനത്താക്കുന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ഹരിയാനയിൽ ഇത്തവണ എന്തായാലും ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എക്സിറ്റ് പോൾ ഫലങ്ങളാവട്ടെ 55 സീറ്റിലധികം നേടി കോൺഗ്രസ് തന്നെ വിജയിക്കുമെന്നായിരുന്നു പ്രവചനം.

എന്നാൽ ആകെയുള്ള 90 സീറ്റിൽ 37 സീറ്റ് മാത്രമേ കോൺഗ്രസിന് ജയിക്കാൻ സാധിച്ചുള്ളൂ. ബിജെപിയാകട്ടെ ഇത്തവണ 48 സീറ്റിൽ ജയിച്ച മൂന്നാം തവണയും അധികാരം പിടിച്ചു. ‘കിസാൻ ജവാൻ ഫയൽവാൻ’ എന്ന മുദ്രാവാക്യം ഫലിക്കുമെന്നാണ് കോൺഗ്രസ് കരുതിയത്. ജാട്ട്, ദളിത്, മുസ്ലിം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ കൃത്യമായ പ്രചാരണത്തിലൂടെ 77 ശതമാനം വരുന്ന ജാട്ടിതര വോട്ടുകളിൽ ഭൂരിഭാഗവും തങ്ങൾക്കനുകൂലമാക്കിയാണ് ബിജെപി ഭരണം പിടിച്ചടക്കിയത്.

അതേസമയം ഹരിയാനയിലെ നേതാക്കൾ തങ്ങൾ സംഘടനയ്ക്കപ്പുറം വ്യക്തിതാല്പര്യങ്ങൾക്ക് മുൻഗണന നൽകി എന്ന വിമർശനം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ഉയർത്തിയതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാല്‍ രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തുകയും ചെയ്തിരുന്നു.