ഹരിയാന മുഖ്യമന്ത്രിയുടെ പൗരത്വത്തെ കുറിച്ച് സർക്കാരിന്റെ പക്കൽ രേഖകൾ ഇല്ല

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ, കാബിനറ്റ് മന്ത്രിമാർ, ഗവർണർ എന്നിവര്‍ ഉൾപ്പെടെയുള്ളവരുടെ പൗരത്വം സംബന്ധിച്ച രേഖകൾ ഹരിയാന സർക്കാരിന്റെ പക്കൽ ഇല്ലെന്ന് വിവരാവകാശ (ആർടിഐ) അന്വേഷണത്തിൽ വെളിപ്പെട്ടു.

മുഖ്യമന്ത്രിയുടെയും മന്ത്രിസഭാ മന്ത്രിമാരുടെയും ഗവർണർ സത്യദേവ് നാരായണ ആര്യയുടെയും പൗരത്വ തെളിവ് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് ജനുവരി 20- ന് പാനിപ്പറ്റ് ആസ്ഥാനമായുള്ള സന്നദ്ധ പ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു.

പി‌.പി കപൂർ എന്ന സന്നദ്ധ പ്രവർത്തകന്റെ അപേക്ഷയോട് പ്രതികരിച്ച ഹരിയാനയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (പി‌ഐ‌ഒ), ഇത് സംബന്ധിച്ച് സർക്കാരിന്റെ പക്കൽ രേഖകളൊന്നുമില്ല എന്ന് അറിയിച്ചു. പൗരത്വ രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ലഭ്യമാകുമെന്നാണ് പി‌ഐ‌ഒ പൂനം രതി അറിയിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അനധികൃത കുടിയേറ്റം പരിശോധിക്കുന്നതിനായി ദേശീയ പൗരന്മാരുടെ രജിസ്റ്റർ അല്ലെങ്കിൽ എൻ‌ആർ‌സി നടപ്പാക്കുമെന്ന് മനോഹർ ലാൽ ഖത്തർ വാഗ്ദാനം ചെയ്തിരുന്നു.