ഹരിയാന, ജമ്മു കശ്മീര്‍ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകളിൽ കോൺഗ്രസ്സ് മുന്നിൽ

ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. വോട്ടെണ്ണല്‍ ആരംഭിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം ഏറ്റവും വലിയ കക്ഷിയായിഅധികാരത്തില്‍ വരുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു.

ആദ്യ ഫല സൂചനകളിൽ ഹരിയാനയിൽ കോൺഗ്രസ്സ് മുന്നിൽ. ജമ്മുകശ്മീരിൽ ലീഡ് നില മാറി മറിയുന്നു. എക്സിറ്റ് പോള്‍ ശരിയായാല്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനു ശേഷം ബിജെപി നേരിടുന്ന വലിയ തിരിച്ചടിയാകും ഇത്.

ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണു പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രവചിക്കുന്നത്. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം.

കനത്ത സുരക്ഷയില്‍ മൂന്നു ഘട്ടമായാണ് ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നത്. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 61.13 ശതമാനവും രണ്ടാം ഘട്ടത്തില്‍ 56.31 ശതമാനവും മൂന്നാം ഘട്ടത്തില്‍ 65.48 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.