നിങ്ങള്‍ ഹിന്ദുത്വത്തെ പാട്ടത്തിനെടുത്തതാണോ ? ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ

ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിങ്ങള്‍ ബിജെപിക്കാര്‍ ഹിന്ദുത്വത്തെ മൊത്തമായി പാട്ടത്തിനിടുത്തിരിക്കുകയാണോ എന്ന് തന്റെ ട്വീറ്ററിലൂടെ ചോദിച്ചിരിക്കുകയാണ് ഇത്തവണ സിദ്ധരാമയ്യ.

ബിജെപി നേതാക്കളെല്ലാം ഹിന്ദുക്കളാണോ? നമ്മളെല്ലാം ഹിന്ദുക്കളല്ലേ അപ്പോള്‍? ഈ ബിജെപിക്കാര്‍ ഇപ്പോള്‍ ഹിന്ദുത്വത്തെ പാട്ടത്തിനെടുത്തതാണെന്ന് തോന്നുന്നു? എന്റെ പേര് സിദ്ധരാമയ്യ എന്നാണ്. അതില്‍ സിദ്ധു എന്നാല്‍ രാമന്‍ എന്നാണ് അര്‍ത്ഥം. മുഖ്യമന്ത്രി ട്വീറ്ററില്‍ കുറിച്ചു.

ഞങ്ങളെല്ലാം ഹിന്ദുക്കളാണ്. പക്ഷെ ഞങ്ങള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. നമ്മളെല്ലാവരുടെയും ആദര്‍ശങ്ങള്‍ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അതാണ് നമ്മുടെ സംസ്‌കാരം,അതാണ് യഥാര്‍ത്ഥ ഹിന്ദുത്വം സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് കര്‍ണ്ണാടക സന്ദര്‍ശനവേളയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഇദ്ദേഹം.

ബുധനാഴ്ച ഹബ്ബാലിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ, കര്‍ണ്ണാടകയെ കോണ്‍ഗ്രസ് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഹനുമാന്‍ ഭഗവാന്റെ നാടിനെ , ടിപ്പുസുല്‍ത്താന്റെ നഗരമായി മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.