രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തി; യൂട്യൂബർ അജീത് ഭാരതിക്കെതിരെ കേസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ യൂട്യൂബർക്കെതിരെ കേസ്. യൂട്യൂബർ അജീത് ഭാരതിക്കെതിരെയാണ് കേസ് എടുത്തത്. അയോധ്യയിലെ രാമക്ഷേത്രത്തിന് പകരം ബാബറി മസ്ജിദ് സ്ഥാപിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പദ്ധതിയിട്ടുവെന്ന വിവാദ പരാമർശത്തിലാണ് കേസ്.

ബെംഗളൂരു ഹൈഗ്രൗണ്ട്സ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസിൻ്റെ ലീഗൽ സെൽ സെക്രട്ടറി ബികെ ബൊപ്പണ്ണ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സെക്ഷൻ 153A (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 505 (2) (ശത്രുത, വിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് യൂട്യൂബർക്കെതിരെ കേസെടുത്തിരിക്കുന്നത്.

കർണാടകയിലെ കോൺഗ്രസ് ലീഗൽ സെൽ സെക്രട്ടറി ബി കെ ബൊപ്പണ്ണയാണ് ശനിയാഴ്ച അജീത് ഭാരതിക്കെതിരെ പരാതി നൽകിയത്. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വീഡിയോയിൽ അജീത് ഭാരതി രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാർമർശം നടത്തിയെന്നായിരുന്നു ബൊപണ്ണയുടെ ആരോപണം. വിദ്വേഷ പ്രസംഗം നടത്തിയ അജീത് ഭാരതി ജനങ്ങൾക്കിടയിലുള്ള ഐക്യം തകർക്കാൻ ശ്രമിച്ചുവെന്നും ഇയാൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ബോപ്പണ്ണ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.