ഹത്രാസ് കൂട്ട ബലാത്സംഗ കേസിൽ സിബിഐ അന്വേഷണത്തിന്‍റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതിനൊപ്പം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
കേസിന്‍റെ വിചാരണ ഡല്‍ഹിയിലേയ്ക്ക് മാറ്റുന്നതില്‍ തീരുമാനം പിന്നീട്. ആദ്യം അന്വേഷണം പൂര്‍ത്തിയാകട്ടെയെന്ന് സുപ്രീംകോടതി വിലയിരുത്തി.
അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിൽ അലഹാബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിന്റേയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ കാര്യം സോളിസിറ്ററൽ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെടുത്തി. പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകൾ അടിയന്തരമായി കോടതി രേഖകളിൽ നിന്ന് നീക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.