ഹത്രസ് അപകടം: അതീവ ദുഃഖിതനെന്ന് ഭോലെ ബാബ; 'പ്രശ്നമുണ്ടാക്കിയ ആരെയും വെറുതെവിടില്ല'

ഉത്തർപ്രദേശിലെ ഹത്രസ് അപകടത്തിൽ പ്രതികരണവുമായി ആൾദൈവം ഭോലെ ബാബ. തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ താൻ അത്യധികം ദുഃഖിതനാണെന്ന് ഭോലെ ബാബ പറഞ്ഞു. പ്രശ്നമുണ്ടാക്കിയ ആരെയും വെറുതെവിടില്ലെന്നും ഭോലെ ബാബ കൂട്ടിച്ചേർത്തു. വീഡിയോ പ്രസ്താവനയിലൂടെയാണ് ഭോലെ ബാബയുടെ പ്രതികരണം.

സർക്കാരിലും ഭരണത്തിലും വിശ്വസിക്കാനും ഭോലെ ബാബ പറഞ്ഞു. 121 പേരുടെ മരണത്തിന്റെ വേദന താങ്ങാനുള്ള ശക്തി ദൈവം നമുക്ക് നൽകട്ടെ. അരാജകത്വം സൃഷ്ടിച്ച ആരെയും വെറുതെ വിടില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്. എൻ്റെ അഭിഭാഷകൻ എ പി സിംഗ് മുഖേന, ഞാൻ കമ്മിറ്റി അംഗങ്ങളോട് ദുഃഖിതരായ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പം നിൽക്കാനും അവരുടെ ജീവിതകാലം മുഴുവൻ അവരെ സഹായിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഭോലെ ബാബ വീഡിയോ പ്രസ്താവനയിൽ പറയുന്നു.

അതേസമയം ഹത്രസ് അപകടത്തിലെ മുഖ്യപ്രതിയും ഭോലെ ബാബയുടെ സഹായിയുമായ ദേവ് പ്രകാശ് മധുകർ അറസ്റ്റിലായി. ഡൽഹിയിൽ നിന്നാണ് മധുകറിനെ അറസ്റ്റ് ചെയ്തത്. ചികിത്സയിലായിരുന്ന തന്റെ കക്ഷി ഡൽഹിയിലെത്തി കീഴ‌ടങ്ങിയതായി മധുകറിൻ്റെ അഭിഭാഷകൻ എ പി സിങ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹത്രസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സത്സംഘത്തിന്റെ മുഖ്യ സംഘാടകനായ മധുകറാണ് മുഖ്യപ്രതി.