ഉത്തർ പ്രദേശിലെ വീട് പൊളിക്കൽ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ നൽകിയ ഹർജി പരിഗണിക്കുന്നതില്‍ നിന്നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി സുനിത അഗർവാൾ പിന്മാറിയത്. പ്രയാഗ് രാജിൽ വീട് അനധികൃതമായണ് പണിതെന്ന് കാണിച്ചാണ് വീട് പൊളിച്ചു നീക്കിയത്.
ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറിയതിനെ തുടർന്ന് മറ്റൊരു ബെഞ്ച് ഹർജി ഇന്ന് പരിഗണിച്ചേക്കും. അനധികൃത കയ്യേറ്റം ആരോപിച്ച് വീട് പൊളിച്ചു നീക്കിയതിനെതിരെയാണ് ഫാത്തിമ ഹർജി നൽകിയത്. വീട് തന്‍റെ പേരിലാണെന്നും വീട് പൊളിച്ചു നീക്കുന്നതിന് മുൻപ് പ്രയാഗ് രാജ് വികസന അതോറിറ്റി നോട്ടീസ് നൽകിയില്ലെന്നും ഫാത്തിമ ഹർജിയിൽ ചൂണ്ടിക്കാട്ടി.
വീട് അനധികൃതമായി നിർമിച്ചതല്ലെന്നും നിയമം പാലിച്ചുള്ളതാണെന്നും ഫാത്തിമ പറഞ്ഞു. ചില പ്രത്യേക അജണ്ടകളാണ് പൊളിച്ചു നീക്കലിന് പിന്നിലെന്നും ഹർജിയില്‍ പറയുന്നു.
പ്രവാചക നിന്ദ പരാമർശത്തിനെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ ഉത്തർ പ്രദേശ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ജൂണ്‍ 12നാണ് വീട് പൊളിച്ചുനീക്കിയത്. പ്രയാഗ് രാജിലും, കാൺപൂരിലും പ്രവാചക വിരുദ്ധ പരാമർശത്തിനെതിരേ പ്രതിഷേധിച്ചവരുടെ വീടുകൾ പൊളിച്ചു നീക്കിയിരുന്നു.