ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ തൊഴിൽ പരസ്യം വിവാദത്തിൽ. ബിരുദധാരികൾക്കായുള്ള ജോലി ഒഴിവിലേക്കായുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വിമർശനത്തിനിടയായിരിക്കുന്നത്. 2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് കാണിച്ച് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്സി ബാങ്കിന്റേതായാണ് പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്. ബിരുദധാരികളെ ക്ഷണിച്ചു കൊണ്ടുള്ള ‘വാക്ക് ഇൻ ഇന്റർവ്യൂ’വിലാണ് 2021 ൽ പുറത്തിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത് ക്രൂരതയാണെന്നും ശുദ്ധ അസംബന്ധമാണെന്നുമുള്ള പ്രതികരണങ്ങൾ ഉയരാൻ തുടങ്ങി.
എന്നാൽ പരസ്യം വിവാദമായതോടെ, വിശദീകരണവുമായെത്തിയിരിക്കുകയാണ് ബാങ്ക്. ടൈപ്പ് ചെയ്തതിൽ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നുമാണ് ബാങ്കിന്റെ സീനിയർ മാനേജർ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.
Read more
2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ല എന്നത് മാറ്റി 2021 ൽ പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം എന്ന് തിരുത്തി പരസ്യം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ചൊവ്വാഴ്ച നടന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ 200 ഓളം പേർ പങ്കെടുത്തുവെന്നും അതിൽ 20201 ൽ പഠിച്ചിറങ്ങിയവരും ഉണ്ടായിരുന്നുവെന്നും ഓഫീസർ വ്യക്തമാക്കി.