അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിനെധീരനായ വ്യക്തിയെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ച്. ലെക്‌സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ട്രംപുമായി പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമാണുള്ളത്. മറ്റെന്തിനേക്കാളും ദേശീയ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും എന്നതാണ് ഇതിനു കാരണം. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തീരുമാനങ്ങളാണ് ട്രംപ് എടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിയുടെ വെടിയേറ്റപ്പോഴും അദ്ദേഹത്തിലെ ധീരത പ്രകടമായിരുന്നു. രണ്ടാമൂഴത്തില്‍ ട്രംപ് കൂടുതല്‍ തയാറെടുത്താണ് വന്നിരിക്കുന്നതെന്നും മോദി പറഞ്ഞു.
വ്യക്തമായ കാഴ്ചപ്പാടും ചുവടുവെപ്പുമാണ് അദ്ദേഹത്തിേന്റത്. തന്റ ലക്ഷ്യം കൈവരിക്കാന്‍ വ്യക്തമായി ആസൂത്രണം ചെയ്തതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും മോദി പറഞ്ഞു.
അതേസമയം, തനിക്കുനേരെ ഉയര്‍ന്ന വിമര്‍ശനങ്ങളേക്കുറിച്ചും അവയെ നേരിട്ടത് എങ്ങനെയെന്നുമായിരുന്നു അവതാരകന്റെ ചോദ്യം. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നാണ് നരേന്ദ്ര മോദി മറുപടി പറഞ്ഞത്.
‘വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ജനാധിപത്യം നിങ്ങളുടെ സിരകളില്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. നമുക്ക് നല്ലരീതിയിലുള്ള വിമര്‍ശനങ്ങള്‍ വേണ്ടിയിരിക്കുന്നു. അത് മൂര്‍ച്ചയുള്ളതും വിവരങ്ങള്‍ നല്‍കുന്നതുമായിരിക്കണം. വിമര്‍ശകരെ എപ്പോഴും അടുത്തുനിര്‍ത്തണമെന്ന് വേദങ്ങള്‍ പറഞ്ഞിട്ടുണ്ട്. വിമര്‍ശകര്‍ നിങ്ങളുടെ അടുത്ത കൂട്ടാളികളായിരിക്കണം. കാരണം യഥാര്‍ത്ഥ വിമര്‍ശനത്തിലൂടെ നിങ്ങള്‍ക്ക് വേഗത്തില്‍ മെച്ചപ്പെടാനും മികച്ച ഉള്‍ക്കാഴ്ചകളോടെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനും കഴിയും’. മോദി പറഞ്ഞു.
ഇന്നത്തെ കാലത്തുള്ളത് യഥാര്‍ത്ഥ വിമര്‍ശനമല്ല എന്നതാണ് തന്റെ പരാതിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ വിമര്‍ശനത്തിന് സമഗ്രമായ പഠനവും ആഴത്തിലുള്ള ഗവേഷണവും സൂക്ഷ്മമായ വിശകലനവും ആവശ്യമാണ്. അസത്യങ്ങളില്‍ നിന്ന് സത്യം കണ്ടെത്താനാണ് അത് ആവശ്യപ്പെടുന്നത്. ഇന്ന് ആളുകള്‍ ശരിയായ ഗവേഷണം ഒഴിവാക്കുകയും കുറുക്കുവഴികള്‍ തേടുകയും ചെയ്യുന്നു, യഥാര്‍ത്ഥ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുന്നതിനുപകരം അവര്‍ നേരെ ആരോപണങ്ങളിലേക്ക് ചാടുകയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
Read more
ശക്തമായ ജനാധിപത്യത്തിന്, യഥാര്‍ത്ഥ വിമര്‍ശനം അനിവാര്യമാണ്. .ആരോപണങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ല. അത് അനാവശ്യ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് താന്‍ എപ്പോഴും വിമര്‍ശനങ്ങളെ തുറന്ന് സ്വാഗതം ചെയ്യുന്നത്. തെറ്റായ ആരോപണങ്ങള്‍ വരുമ്പോഴെല്ലാം ശാന്തമായി സ്വന്തം രാജ്യത്തെ സേവിക്കുന്നത് പൂര്‍ണ്ണ സമര്‍പ്പണത്തോടെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.