രാജ്യത്തെ വിവിധ കോണുകളിലുള്ള മുസ്ലിം സഹോദരിമാരുടെയും പെണ്‍മക്കളുടെയും അനുഗ്രഹം തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ സര്‍ക്കാര്‍ മുസ്ലിം സ്ത്രീകള്‍ക്കൊപ്പമാണെന്നും അവരെ പുരോഗതിയിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ എന്നും മോദി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് നിരോധന നിയമത്തിനെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മോദി ആരോപിച്ചു. മുത്തലാഖ് നിരോധിച്ചതില്‍ മുസ്ലിം സ്ത്രീകള്‍ തനിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെട്ടെന്ന് വിവാഹ മോചനം നേടിയതിന് ശേഷം അവര്‍ എവിടെ പോകും, അവരുടെ ദയനീയ അവസ്ഥയെകുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ പദവിയെ കുറിച്ചും രാജ്യത്തെ ജനങ്ങളെ കുറിച്ചുമാണ് ചിന്തിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം മുത്തലാഖിനെ എതിര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് മുസ്ലീം സഹോദരിമാരെ മോചിപ്പിച്ചെന്നും അവര്‍ ബിജെപിയെ പരസ്യമായി പിന്തുണയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷമടക്കം മറ്റു പാര്‍ട്ടികള്‍ അസ്വസ്ഥരായി. അവര്‍ മുസ്ലിം പെണ്‍കുട്ടികളുടെ പുരോഗതി തടയാന്‍ ശ്രമിക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.