വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് യൂട്യൂബ് വീഡിയോ നോക്കി സ്വയം ശസ്ത്രക്രിയ ചെയ്യാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. മഥുര സ്വദേശി രാജാ ബാബുവെന്ന 32കാരനാണ് സ്വയം ശസ്ത്രക്രിയ ചെയ്യാന്‍ ശ്രമിച്ച് ആശുപത്രിയിലായത്.

ഏറെ നാളായി രാജാ ബാബു അസഹനീയമായ വയറുവേദനയെ തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരെ കണ്ടുവരികയായിരുന്നു. എന്നാല്‍ ഫലം ലഭിക്കാതായതോടെയാണ് ഇയാള്‍ സ്വയം ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് യൂട്യൂബില്‍ നിന്ന് ശസ്ത്രക്രിയ നടത്തുന്ന രീതികള്‍ സ്വയം പഠിക്കാന്‍ തീരുമാനിച്ചു.

പിന്നാലെ മഥുരയില്‍ പോയി സര്‍ജിക്കല്‍ ബ്ലേഡും തുന്നല്‍ സാമഗ്രികളും അനറ്റിക് മരുന്നുകളും വാങ്ങി ശസ്ത്രക്രിയ നടത്തുകയായിരുന്നു. സ്വന്തം മുറി ആയിരുന്നു രാജാ ബാബുവിന് ഓപ്പറേഷന്‍ തീയേറ്റര്‍. തുടര്‍ന്ന് അനസ്‌തേഷ്യയുടെ ഫലം കുറഞ്ഞതോടെ രാജാ ബാബുവിന് പിടിച്ചുനില്‍ക്കാനായില്ല.

Read more

പിന്നാലെ വേദന കഠിനമായതോടെ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് വരികയും ചെയ്തു. കരച്ചില്‍ കേട്ട് ഓടിയെത്തിയ കുടുംബക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 18 വര്‍ഷം മുമ്പ് രാജാ ബാബുവിന് അപ്പന്‍ഡിക്സ് ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയറുവേദന അനുഭവപ്പെടുന്നുണ്ടെന്നും നിരവധി ഡോക്ടര്‍മാരെ സമീപിച്ചിട്ടും ആശ്വാസം ലഭിച്ചില്ലെന്നും അതോടെയാണ് സ്വയം ചികിത്സിക്കാന്‍ തീരുമാനിച്ചതെന്നും സഹോദരിയുടെ മകന്‍ രാഹുല്‍ പറഞ്ഞു.