പരീക്ഷക്കെത്താൻ ഗതാഗതക്കുരുക്ക് തടസമാകരുതെന്ന് കരുതി പരീക്ഷ തുടങ്ങാന്‍ 15 മിനിറ്റ് ശേഷിക്കെ പാരഗ്ലൈഡറില്‍ പറന്ന് വിദ്യാര്‍ത്ഥി. മഹാരാഷ്ട്രയിലെ ഒരു കോളജ് വിദ്യാർത്ഥിയാണ് ഇത്തരത്തിൽ പരീക്ഷക്ക് പാരഗ്ലൈഡറില്‍ പറന്നെത്തിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. സമർഥ് മാങ്കഡെ എന്ന യുവാവാണ് കൃത്യസമയത്ത് പരീക്ഷയ്ക്കെത്താൻ ഗതാഗതക്കുരുക്ക് തടസമാകരുതെന്ന് കരുതി പാരാഗ്ലൈഡറിൽ പറന്നെത്തിയത്. കോളജ് ബാഗും തൂക്കി പാരഗ്ലൈഡറിൽ പറക്കുന്ന വിദ്യാർഥിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചില ജോലി ആവശ്യങ്ങൾക്കായാണ് പസറാനി സ്വദേശിയായ സമർഥ് എന്ന യുവാവ് പഞ്ച്ഗാനിയെന്ന സ്‌ഥലത്തെത്തിയത്. എന്നാൽ പരീക്ഷ ആയതിനാൽ മടങ്ങി കോളജിലെത്തനാമയിരുന്നു. കോളജിലേക്ക് 50 കിലോമീറ്ററോളം ദൂരമുണ്ട്. വെറും 15 മിനിറ്റ് മാത്രമാണ് സമർഥിന് മുന്നിൽ ഉണ്ടായിരുന്നത്. ബസിനോ, ബൈക്കിനോ പോയാൽ കോളജിലെത്താൻ പറ്റില്ലെന്ന് മനസിലാക്കിയ സമർഥ് പരീക്ഷ മുടങ്ങരുതെന്ന് കരുതി പഞ്ചാഗ്നിയിലുള്ള അഡ്വഞ്ചർ സ്പോർട് ക്ലബിനെ ബന്ധപ്പെടുകയായിരുന്നു.
ഇതോടെ പാരാഗ്ലൈഡറിൽ യുവാവിനെ കോളജിലെത്തിക്കാമെന്ന് അധികൃതർ ഏറ്റു. പിന്നാലെ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് പറക്കാൻ സമർഥ് തീരുമാനിച്ചത്. പരീക്ഷ തുടങ്ങുന്നതിന് മുൻപ് കോളജിലെത്തുകയും ചെയ്തു. അതേസമയം വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പാരാഗ്ലൈഡറിൽ കോളജിലേക്ക് പോകുന്നത് അത്ര സുരക്ഷിതമല്ലെന്ന കമന്റുകളുമായി ചിലർ വന്നിട്ടുണ്ട്.
View this post on Instagram
അതേസമയം സുരക്ഷിതമായ യാത്ര വേണം തിരഞ്ഞെടുക്കാനെന്ന് ചിലർ കുറിച്ചു. ഗിന്നസ് ബുക്കിൽ പേര് വരേണ്ടതാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. പടിഞ്ഞാറൻ മഹാരാഷ്ട്രയിലാണ് സത്താറയെന്ന പ്രദേശം. പാരാഗ്ലൈഡിങ് സാധ്യതമാകുന്ന സുരക്ഷിതമായ പ്രദേശമാണിതെന്നും വിദഗ്‌ധർ പറയുന്നു. സത്താറയ്ക്ക് പുറമെ പഞ്ച്ഗാനി, കാമ്ഷെട്, മഹാബലേശ്വർ എന്നീ സ്‌ഥലങ്ങളും പാരാഗ്ലൈഡിങിന് അനുയോജ്യമാണെന്നും വിദഗ്‌ധർ വ്യക്തമാക്കി.