വർഷം 1999 ജനുവരി 22. വാനിൽ ഉറങ്ങിക്കിടന്ന അച്ഛനെയും രണ്ട് പെൺമക്കളെയും ഒരുസംഘം ആളുകൾ ചുട്ട് കൊല്ലുന്നു. രക്ഷപെടാൻ ശ്രമിച്ച ഇവരെ ആൾക്കൂട്ടം തടഞ്ഞ് വക്കുന്നു. മതപരിവർത്തനം ആരോപിച്ചായിരുന്നു കൊലപാതകം. സംഘപരിവാർ ബന്ധമുള്ള ബജ്റംഗ്ദൾ സംഘമായിരുന്നു ക്രൂരമായ കൊലക്ക് പിന്നിൽ. പറഞ്ഞ് വന്നത് മറ്റൊന്നുമല്ല…1999ൽ രാജ്യത്തെ ഞെട്ടിച്ച ആസ്‌ട്രേലിയന്‍ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയിൻസ് കൊലക്കേസിനെപ്പറ്റിയാണ്. നിരപരാധിയായിരുന്ന ഒരു ക്രിസ്ത്യൻ മിഷനറിയെയും പിഞ്ച് കുഞ്ഞുങ്ങളെയും ജീവനോടെ ചുട്ട കൊന്ന സംഘപരിവാറിന്റെ കൊടും ക്രൂരത.
1999 ജനുവരി 22നായിരുന്നു ഒഡീഷയിലെ മനോഹർപുർ ഗ്രാമത്തിൽവെച്ച് ഓസ്ട്രേലിയൻ ക്രിസ്‌ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ പത്ത് വയസ്സുകാരൻ ഫിലിപ്‌സ് ഏഴ് വയസ്സുകാരൻ, തിമോത്തി എന്നിവരെ സംഘപരിവാർ ജീവനോടെ ചുട്ടുകൊന്നത്. 30 വർഷത്തോളം കുഷ്‌ഠരോഗികൾക്ക് വേണ്ടി പ്രവർത്തിച്ച ക്രിസ്‌ത്യൻ മിഷനറിയായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. 1965 ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ അദ്ദേഹം പിന്നീട് ആദിവാസികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. രോഗികൾക്ക് വേണ്ടി ഒരു വീട് ഒരുക്കിയ അദ്ദേഹവും കുടുംബവും അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചു. ഗ്രഹാം സ്റ്റെയിൻസിന്റെ കൊലപാതകം വലിയ ഞെട്ടലോടെയാണ് അന്ന് രാജ്യം കേട്ടത്. ആദിവാസികളെ നിർബന്ധിതമായ മതപരിവർത്തനത്തിന് വിധേയമാക്കുന്നു എന്ന് ആരോപിച്ച് ധാരാ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
മനോഹർ ഗ്രാമത്തിൽ നടന്നുവന്ന ഉത്സവത്തിൽ പങ്കെടുക്കാനായി കാറിൽ സഞ്ചരിക്കുകയായിരുന്ന അവരെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്റ്റെയിൻസും മക്കളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം അവരെ അതിന് അനുവദിച്ചില്ല. ഭാര്യ ഗ്ലാഡിസും മകൾ എസ്‌തറും സംഭവ സമയത്ത് കൂടെ ഇല്ലാതിരുന്നതിനാൽ ആ വലിയ ആക്രമണത്തിൽ നിന്നും അവർ രക്ഷപ്പെട്ടു. പിന്നീട് സംഭവം അന്വേഷിച്ച കമ്മീഷൻ നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ആതുര സേവനരംഗത്തെ സമാനതകളില്ലാത്ത പ്രവർത്തനത്തിന് ആദരസൂചകമായി രാജ്യം ഗ്രഹാം സ്റ്റെയിൻസിനെ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ഭർത്താവിൻ്റെ മരണശേഷം ആശുപത്രി പ്രവർത്തനം ഏറ്റെടുത്ത ഗ്ലാഡിസ് 2015 ൽ ഗ്രഹാം സ്റ്റെയിൻസ് മെമ്മോറിയൽ ആശുപത്രി സ്ഥാപിച്ചു. സാമൂഹികനീതിക്കുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡും അവർക്ക് ലഭിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് 1999 നും 2000 നും ഇടയിൽ 51 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതിൽ 37പേർ പ്രാഥമിക വിചാരണയ്ക്കിടെ കുറ്റവിമുക്തരായി. 2003-ൽ കേസിലെ പ്രധാനപ്രതിയായ രബീന്ദ്രപാൽ സിങ് എന്ന ധാരാ സിങ്ങിനെ വധശിക്ഷയ്ക്കും ഹെംബ്രാം ഉൾപ്പെടെയുള്ള 12 പ്രതികളെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ കോടതിയിലും വിചാരണചെയ്തു. എന്നാൽ, ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഹെംബ്രാം ഒഴികെയുള്ള 11 പേരെ ഒഡീഷ ഹൈക്കോടതി പിന്നീട് വെറുതെവിട്ടു. ജുവനൈൽ കോടതിയിൽ വിചാരണ നേരിട്ടയാളും ജയിൽമോചിതനായി. 2005-ൽ ധാരാ സിങ്ങിൻ്റെ ശിക്ഷ ജീവപര്യന്തമായും ഹൈക്കോടതി ഇളവ് ചെയ്തിരുന്നു.
ഇതിനിടെ ഇക്കഴിഞ്ഞ ദിവസമാണ് കേസിൽ ശിക്ഷിക്കപ്പെട്ട ഒരു പ്രതിയെ ഒഡിഷ സർക്കാർ ജയിൽ മോചിതനാക്കിയത്. 25 വര്‍ഷമായി ജയിലിലായിരുന്ന മഹേന്ദ്ര ഹെബ്രാമിനെയാണ് ബിജെപി സർക്കാർ ജയിൽ മോചിതനാക്കിയത്. ജയിലിൽനിന്നും പുറത്തിറങ്ങിയ മഹേന്ദ്ര ഹെബ്രാമിനെ ജയ് ശ്രീറാം വിളിയോടെയാണ് സംഘപരിവാർ പ്രവർത്തകർ സ്വീകരിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട് കിയോഞ്ചാർ ജയിലിലായിരുന്നു മഹേന്ദ്ര ഹെബ്രാമി തടവിൽ കഴിഞ്ഞിരുന്നത്. നല്ല നടപ്പ് കണക്കിലെടുത്താണ് ഒഡിഷ സർക്കാർ ഇയാളെ ജയില്‍ മോചിതനാക്കിയത്. മതപരിവർത്തനം ആരോപിച്ചായിരുന്നു കുഷ്‌ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ചിരുന്ന ഗ്രഹാം സ്റ്റെയിൻസിനെ സംഘപരിവാർ കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി ധാര സിങ് ഇപ്പോഴും ജയിലിലാണ്. ധാരാ സിങിനെയും ജയിൽ മോചിതനാക്കാൻ ഇപ്പോഴത്തെ ഒഡിഷ മുഖ്യമന്ത്രി മോഹൻ മാജിയുടെ പിന്തുണയോടെ ശ്രമം നടന്നിരുന്നു.
മഹേന്ദ്ര ഹെബ്രാമിനെ ജയിൽ മോചിതനാക്കിയ നടപടിക്കെതിരെ കോൺഗ്രസ്സ് അടക്കം രംഗത്തെത്തിയിരുന്നു. ഹെബ്രാംമിൻ്റെ ജയിൽമോചനം ഇന്ത്യൻ നീതിന്യായസംവിധാനത്തിന് മേലുള്ള കറുത്ത പാടാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ വിമർശിച്ചു. ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടുമക്കളെയും ജീവനോടെ ചുട്ടുകൊന്നയാൾ ഇന്ന് സ്വതന്ത്രമായി നടക്കുന്നുവെന്നും സംഘികൾക്ക് ഇത് ആഘോഷമാണെന്നും മാണിക്കം ടാഗോർ കുറ്റപ്പെടുത്തി. പക്ഷേ, ഇന്ത്യയിലെ നീതിന്യായസംവിധാനത്തിന് മേൽ ഇതൊരു കറുത്ത പാടാണ്. ഇതുകൊണ്ട് എന്ത് സന്ദേശമാണ് നൽകുന്നതെന്നും മാണിക്കം ടാഗോർ ചോദിച്ചിരുന്നു. അതേസമയം ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും മരണം ചരിത്രത്തിൽ ഇന്നും ഒരു ഉണങ്ങാത്ത മുറിവായി അവശേഷിക്കുകയാണ്. 2024 ൽ ആയിരുന്നു ഗ്രഹാം സ്റ്റെയിൻസ് കൂട്ടക്കൊലയ്ക്ക് 25 വർഷം തികഞ്ഞത്. സംഘപരിവാർ വർഗീയ ധ്രുവീകരണത്തിന് വേണ്ടി ബാബരി മസ്‌ജിദ് ആസൂത്രിതമായി തകർത്തു പണിത രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനം നടക്കാനിനിരിക്കുന്ന അതേദിവസം തന്നെയാണ് ഗ്രഹാം സ്റ്റെയിൻസ് കൂട്ടക്കൊലയ്ക്ക് 25 വർഷം തികഞ്ഞതും.