2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്നും വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തനിക്ക് വോട്ട് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ചെയ്യാമെന്നും മറ്റുള്ളവര്‍ ചെയ്യേണ്ടതില്ലെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. മഹാരാഷ്ട്രയിലെ വാഷിമില്‍ ദേശീയപാത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പണവും ചായയും ഒന്നും നല്‍കില്ലെന്നും മദ്യം ലഭിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. താന്‍ കൈക്കൂലി വാങ്ങുന്ന ആളല്ല, കൈക്കൂലി വാങ്ങാന്‍ മറ്റുള്ളവരെ അനുവദിക്കുകയും ഇല്ല. സത്യസന്ധമായി ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കുണ്ട്. നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തനിക്ക് വോട്ട് ചെയ്യാമെന്നും ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ലെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലൈയിലും സമാനമായ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ വിശ്വാസം ഇല്ലെന്നും മുന്‍പ് പരീക്ഷിച്ച് പരാജയപ്പെട്ടെന്നുമായിരുന്നു നിതിന്‍ ഗഡ്കരി പറഞ്ഞത്. ഒരു തവണ തിരഞ്ഞെടുപ്പില്‍ മട്ടന്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചില്ല. വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണെന്നും അനുയോജ്യരായവര്‍ക്ക് അവര്‍ വോട്ട് ചെയ്യുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.