പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: നേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പാക് വെടിനിര്‍ത്തല്‍ ലംഘനത്തെ നേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്റേ പറഞ്ഞു. സുന്ദര്‍ബനി മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പ്രകോപനമില്ലാതെ പാകിസ്താന്‍ കരസേന നടത്തിയ വെടിവെപ്പില്‍ മലയാളിയായ ലാന്‍സ് നായിക് സാം ഏബ്രഹാം മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. പാക് വെടിവെപ്പിന് സൈന്യം കനത്തതിരിച്ചടി നല്‍കുമെന്നും ഭാമ്‌റേ കൂട്ടിച്ചേര്‍ത്തു.

സാംബാ മേഖലയില്‍ പാകിസ്താന്‍ അതിര്‍ത്തി സേനയായ റേഞ്ചേഴ്സ് നടത്തിയ കനത്ത ഷെല്‍ വര്‍ഷത്തില്‍ ബി.എസ്.എഫ്. ജവാനടക്കം മൂന്നുപേരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയും ഇവിടെ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ഹെഡ് കോണ്‍സ്റ്റബിളും പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. അര്‍ണിയ സബ്-സെക്ടറിലെ ജനവാസമേഖലയിലും വെള്ളിയാഴ്ച ഷെല്ലാക്രമണം ഉണ്ടായി. അതിര്‍ത്തിയില്‍ സംഘര്‍ഷഭരിതമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് ശക്തമായ തിരിച്ചടിക്കുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ വ്യാഴാഴ്ച അറിയിച്ചിരുന്നു.

പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സയിദ് ഹെയ്ദര്‍ ഷായെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. ജനങ്ങള്‍ക്കുനേരേ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ മനുഷ്യാവാകാശ നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും എതിരാണെന്ന് ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു. അതേ സമയം, റിയാല്‍ക്കോട്ട് സെക്ടറില്‍ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ചെന്നാരോപിച്ച് ഇന്ത്യന്‍ ഉപസ്ഥാനപതി ജെ.പി. സിങ്ങിനെ പാകിസ്താന്‍ വിദേശമന്ത്രാലയവും വിളിച്ചുവരുത്തി.