ഉത്തരേന്ത്യയിൽ മഴ ശക്തമായതിനെ തുടർന്ന് ബീഹാർ ഉൾപ്പടെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലായി. വെള്ളകെട്ടിനെ തുടർന്ന് മുംബൈ അന്ധേരിയിലെ അടിപ്പാത അടച്ചു. ഡൽഹി പ്രഹ്ലാദ്പൂർ റെയിൽവേ തുരങ്കപാതയിലും ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി നഗരത്തിലും കനത്ത മഴയും വെള്ളക്കെട്ടും മൂലം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ശക്തമായ മഴയെ തുടർന്ന് ഡൽഹിയിൽ ഇറക്കേണ്ട രണ്ട് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. അമൃത്സർ, ജയ്പൂർ എന്നിവിടങ്ങളിലേക്കാണ് വിമാനം വഴി തിരിച്ചു വിട്ടത്. ഡൽഹി, പഞ്ചാബ്, ഹരിയാന, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബിഹാറിലും 24 മണിക്കൂറായി തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
മിതാപൂർ, യാർപൂർ, ജക്കൻപൂർ, രാജേന്ദ്രനഗർ, സിപാര, ദിഗ, കുർജി തുടങ്ങിയ മേഖലകളിൽ പ്രളയക്കെടുതി രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലും കനത്ത മഴ തുടരുകയാണ്. ഇതേത്തുടർന്ന് നിരവധി റോഡുകൾ വെള്ളത്തിനടിയിലായി.
നിരവധി റോഡുകൾ തകർന്നു. മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഭീതിയും നിലനിൽക്കുകയാണ്. അസമിൽ കനത്തമഴയെത്തുടർന്നുള്ള പ്രളയക്കെടുതിയിൽ ബുധനാഴ്ച 12 പേർ കൂടി മരിച്ചു. 11 പേർ വെള്ളപ്പൊക്കത്തിലും ഒരാൾ മണ്ണിടിച്ചിലിലുമാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 151 ആയി ഉയർന്നു. 31.5 ലക്ഷം പേരാണ് പ്രളയത്തെത്തുടർന്ന് ദുരിതം നേരിടുന്നത്.