ബംഗളൂരുവില്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍മ്മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ഹെന്നൂറിലാണ് ദാരുണ സംഭവം നടന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 12 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബംഗളൂരുവില്‍ തുടരുന്ന കനത്ത മഴയില്‍ കനത്ത നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഹെന്നൂറിനടുത്തുള്ള ബാബുസപാളയത്ത് നിര്‍മ്മാണത്തിലിരുന്ന ആറ് നില കെട്ടിടമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ മൂന്ന് പേര്‍ രക്ഷപെട്ടു. എന്നാല്‍ 12 പേര്‍ തകര്‍ന്നുവീണ കെട്ടിടത്തിന് അടിയില്‍ ഉണ്ടെന്ന് അപുകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.
അപകടത്തില്‍പ്പെട്ടവര്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് വിവരം. യെളഹങ്കയില്‍ അപ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ശാന്തിനഗറില്‍ നൂറില്‍ അധികം വീടുകളില്‍ വെള്ളം കയറി. സര്‍ജാപൂരില്‍ 40 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ മാത്രം പെയ്തത്. ശക്തമായ മഴയെ തുടര്‍ന്ന് ബംഗളൂരുവിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.