കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച നാല് പേരുടെ ഡി എന്‍എ ഫലം കൂടി പുറത്ത് വന്നു. ഇതോടെ അപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 13 പേരില്‍ 4 പേരുടെ ഡിഎന്‍എ ഫലമായിരുന്നു പുറത്ത് വരാനിരുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇത് ലഭിച്ചത്. ലഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, ഹവില്‍ദാര്‍ സത്പാല്‍ റായ്, ലാന്‍സ് നായിക് ഗുര്‍സേവക് സിംഗ്, ലാന്‍സ് നായിക് ജിതേന്ദ്ര കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ കുടുംബങ്ങള്‍ക്ക് വിട്ടു നല്‍കും.
മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപ് കുമാറിന്റേതടക്കം, വിങ് കമാന്‍ഡര്‍ ചൗഹാന്‍, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, ലാന്‍സ് നായിക് ബി സായ് തേജ, ലാന്‍സ് നായിക് വിവേക് കുമാര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നീ ആറ് സൈനികരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. ലാന്‍സ് നായ്ക് സായ് തേജയുടെ മൃതദേഹം ഇന്ന് സംസ്‌കാരിക്കും. സ്വദേശമായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പില്‍ വൈകിട്ട് നാല് മണിക്കാണ് ചടങ്ങുകള്‍ നടത്തുക. ഇന്നലെ ബെംഗളൂരുവിലെത്തിച്ച മൃതദേഹത്തില്‍ യെലഹങ്ക എയര്‍ബേസില്‍ വച്ച് സേനാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. തൃശൂര്‍ പുത്തൂര്‍ സ്വദേശി ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു.
അതേസമയം ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ നില ഗുരുതരമായി തുടരുകയാണ്. ബെംഗളൂരു വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കിയേക്കും. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവയുടെ പരിശോധന സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. വിദേശത്ത് നിന്നുള്ള സാങ്കേതിക സഹായം തേടേണ്ടിവരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അപകടത്തിന്റെ പ്രധാന കാരണങ്ങളായി പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി എന്നീ സാധ്യതകളാണ് പരിശോധിക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഊട്ടിക്കടുത്തുള്ള കുനൂരില്‍ വച്ച് സൈനിക ഹെലികോപ്റ്റര്‍ അപകടത്തിപ്പെട്ടത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും, ബ്രിഗേഡിയല്‍ എല്‍എസ് ലിഡ്ഡറുമടക്കം 13 പേരാണ് ദുരന്തത്തില്‍ മരിച്ചത്.