ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറൻ; ഇൻഡ്യ മുന്നണി നേതാക്കൾ ചടങ്ങിൽ

വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറൻ. ജാർഖണ്ഡിൻ്റെ 13-ാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് രാജിവെച്ച് ജയിലിൽ പോയ ഹേമന്ത് സോറൻ അഞ്ചുമാസത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നത്.

ഝാർഖണ്ഡ് രാജ്‌ഭവനിൽനടന്ന ചടങ്ങിൽ ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇൻഡ്യ മുന്നണി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഇക്കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോറൻ ജയിൽമോചിതനായത്‌. തുടർന്ന് നേതൃത്വത്തിന്റെ തീരുമാനപ്രകാരം ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് മുന്നോടിയായി നിലവിലെ മുഖ്യമന്ത്രിയായിരുന്ന ചംപായ് സോറൻ രാജിവച്ചിരുന്നു.

Hemant Soren takes oath as Jharkhand CM for third term - The Hindu

വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഝാർഖണ്ഡിൽ ചംപായ് സോറൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നായിരുന്നു സൂചന. എന്നാൽ കഴിഞ്ഞദിവസം ചേർന്ന ഇന്ത്യസഖ്യത്തിന്റെ യോഗത്തിൽ ഹേമന്ത് സോറനെ വീണ്ടും നിയമസഭാകക്ഷി നേതാവാക്കാൻ ധാരണയിലെത്തി. പിന്നാലെ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ഹേമന്ത് സോറനെ ക്ഷണിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ചംപായ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

ജനുവരി 31നാണ് ഹേമന്ത് സോറൻ ഇഡിയുടെ കസ്റ്റഡിയിലാകുന്നത്. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നായിരുന്നു ഹേമന്ത് സോറനെതിരായ കേസ്. അറസ്റ്റ് തീരുമാനത്തിന് പിന്നാലെ ഹേമന്ത് സോറൻ ജാ‍ർ‌ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയിൽ ഒപ്പിടൂ എന്ന് സോറൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഹേമന്ത് സോറൻ രാജിവയ്ക്കുകയായിരുന്നു.