സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചു; ഇടക്കാല ജാമ്യ ഹർജി പിൻവലിച്ച് ഹേമന്ത് സോറൻ

ഭൂമി കുംഭകോണക്കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ച് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറൻ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഇന്ന് വാദം കേട്ട ശേഷം ഇഡിയുടെ വാദം കൂടി പൂര്‍ത്തിയായാല്‍ ഇടക്കാല ജാമ്യത്തില്‍ ഇന്നുതന്നെ തീരുമാനമെടുത്തേക്കുംമെന്ന്  സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു.

ഇഡിയുടെ അറസ്റ്റ് ചോദ്യം ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹേമന്ത് സോറൻ പിൻവലിച്ചത്. സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. ഹർജി തള്ളിക്കളയുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഹേമന്ത് സോറൻ്റെ അഭിഭാഷകനായ കപിൽ സിബൽ ഹർജി പിൻവലിക്കുകയായിരുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റേതിന് സമാനമായ സാഹചര്യമാണ് തനിക്കുമുള്ളതെന്നാണ് ഹേമന്ത് സോറെന്റെ പ്രധാന വാദം. അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഹേമന്ത് സോറെന്‍ മനപ്പൂർവ്വം ജാതി അധിക്ഷേപ കേസുകള്‍ ചുമത്തിയെന്നും ജാമ്യം നല്‍കുന്നത് കീഴ്വഴക്കമാകുമെന്നുമാണ് ഇഡിയുടെ വാദം. നിലവിൽ ഭൂമി കുംഭകോണ കേസിൽ റിമാൻഡിലാണ് ഹേമന്ത് സോറൻ.

ജനുവരി 31നാണ് ഹേമന്ത് സോറൻ അറസ്റ്റിലാകുന്നത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കല്‍ക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇഡി കേസ് എടുത്തിരിക്കുന്നത്.

Read more