ജാര്‍ഖണ്ഡില്‍ രഘുബര്‍ദാസ് രാജിക്കത്ത് നല്‍കി;പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനായി ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകളോടെ കോണ്‍ഗ്രസ്, ജെഎംഎം, ആര്‍ജെഡി സഖ്യം അധികാരത്തിലേക്ക്. ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഹേമന്ത് സോറന്‍ ഉന്നയിച്ചേക്കും. രഘുബര്‍ദാസ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി തുടരണമെന്ന് ഗവര്‍ണര്‍ രഘുബര്‍ദാസിനോട് അഭ്യര്‍ത്ഥിച്ചു.

30 സീറ്റുകള്‍ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റുകള്‍ നേടി. ആര്‍ജെഡിക്ക് ഒരു സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത് ബിജെപിക്ക് ഇരട്ടിപ്രഹരമായി.

മുഖ്യമന്ത്രി രഘുബര്‍ദാസ് മത്സരിച്ച ജംഷഡ്പൂര്‍ ഈസ്റ്റില്‍ തോറ്റത് മന്ത്രിസഭാ അംഗമായിരുന്ന സരയൂ റോയിയോടാണ്. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും ജനവിധി മാനിക്കുന്നതായും രഘുബര്‍ദാസ് പ്രതികരിച്ചു. സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണമെന്ന കോണ്‍ഗ്രസ് ജെഎഎം തന്ത്രമാണ് ജാര്‍ഖണ്ഡില്‍ ഫലിച്ചത്. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ഹേമന്ത് സോറന്‍ ജയിച്ചു. ജെഎംഎം നേതാവ് ഹേമന്ത് സോറനായിരിക്കും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.