ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. കേസില്‍ വിചാരണ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇഡി സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാതെയാണ് ജാമ്യം നല്‍കിയതെന്നായിരുന്നു ഹര്‍ജി.
ഇതേ തുടര്‍ന്നാണ് വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദ് ചെയ്തത്. ഡല്‍ഹി റോസ് അവന്യു കോടതിയാണ് കഴിഞ്ഞ ദിവസം കെജ്രിവാളിന് ജാമ്യം നല്‍കിയത്. ഡല്‍ഹി മുഖ്യമന്ത്രി കേസില്‍ അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷമായിരുന്നു ജാമ്യം അനുവദിച്ചത്. ഇതേ തുടര്‍ന്നാണ് ഹര്‍ജിയുമായി ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ അവധിക്കാലത്തിന് ശേഷം കോടതി വാദം കേള്‍ക്കും. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മാര്‍ച്ച് 21ന് ആയിരുന്നു കെജ്രിവാളിന്റെ അറസ്റ്റ്. തുടര്‍ന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സുപ്രീംകോടതി 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ 2ന് ഇടക്കാല ജാമ്യം അവസാനിച്ചതോടെ കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങുകയായിരുന്നു.