ഹിജാബ് നിരോധനം: കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച്ച കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിനെ കോടതി വിമര്‍ശിച്ചു. അടിയന്തരമായി പരിഗണിക്കുന്നില്ലെന്ന് പരാതി ഉയര്‍ത്തിയ ഹര്‍ജിക്കാര്‍ തന്നെ, കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ മാറ്റി വെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും താല്‍പ്പര്യമുള്ള ബെഞ്ചിന് മുമ്പാകെ ഹര്‍ജി വരുത്തിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

Read more

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത്. മാര്‍ച്ച് 15-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം.