ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സുഖ്വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ യാത്രയ്ക്ക് തടയിട്ട ദിനമെന്നും ആദ്യമന്ത്രിസഭായോഗത്തില്‍ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും സുഖ് വിന്ദര്‍ സിങ് സുഖു പറഞ്ഞു.
ഷിംലയിലെ റിഡ്ജ് മൈതാനത്ത് 12 മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. രാഹുല്‍ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.ഇന്നലെ രാത്രിതന്നെ സുഖുവിന്റെ നേതൃത്ത്വത്തില്‍ നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയിരുന്നു. മന്ത്രിമാരുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്ന പരേതനായ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെയും പിസിസി അധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മകന്‍ വിക്രമാദിത്യയ്ക്ക് മന്ത്രിസഭയില്‍ സുപ്രധാന പദവി നല്‍കും. ഹിമാചല്‍ പ്രദേശിലെ 33 ശതമാനം വരുന്ന പ്രബലമായ രാജ്പുത് സമുദായംഗമാണ് സുഖ് വീന്ദര്‍ സിംഗ് സുഖു. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണ സമിതി ചെയര്‍മാനായിരുന്നു അദ്ദേഹം.