ഹിമാചൽ പ്രദേശിൽ പ്രായപൂർത്തിയായ നൂറ് ശതമാനം പേർക്കും കോവിഡ് -19 വാക്സിൻറെ ആദ്യ ഡോസ് കുത്തിവയ്പ്പ് പൂർത്തിയാക്കിയെന്ന് സർക്കാർ അവകാശപ്പെട്ടു.
18 വയസ്സിനു മുകളിലുള്ള മുഴുവൻ ആളുകൾക്കും കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഹിമാചൽ പ്രദേശ് മാറിയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. രാജീവ് സൈസൽ പറഞ്ഞു.
” സംസ്ഥാനത്ത് 18 വയസ്സിന് മുകളിൽ ഉള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കുത്തിവയ്പ്പ് പൂർത്തിയാക്കി, 2021 നവംബർ 30 നകം രണ്ട് ഡോസുകളുടെയും 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.” ആരോഗ്യ മന്ത്രി ഡോ. രാജീവ് സൈസൽ പറഞ്ഞതായി വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
പ്രതിരോധ കുത്തിവയ്പ്പ് മേഖലയിലും കൂടാതെ കോവിഡ് -19 നിയന്ത്രണത്തിലുമുള്ള ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തുടക്കം മുതൽ തന്നെ സംസ്ഥാനം നന്നായി പ്രവർത്തിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഗുണഭോക്താക്കളുമായും ആരോഗ്യ പ്രവർത്തകരുമായും പ്രധാനമന്ത്രി മോദി സംവദിക്കുന്ന ഒരു പ്രത്യേക വെർച്വൽ പരിപാടി സംസ്ഥാനം സംഘടിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വാക്സിനേഷൻ ലഭിക്കാതെ ആരെങ്കിലും ഉണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും എല്ലാവർക്കും ഉടൻ വാക്സിനേഷൻ നൽകുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു.