ഹിമാചല്‍ പ്രദേശില്‍ മിന്നല്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി 51 പേര്‍ മരിച്ചതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു. 14 പേര്‍ ഷിംലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ആണ് മരിച്ചത്. സമ്മര്‍ഹില്‍സിലെ ശിവക്ഷേത്രം തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടു. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും ഹിമാചല്‍ മുഖ്യമന്ത്രി അറിയിച്ചു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹിമാചലില്‍ 752 റോഡുകള്‍ അടച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് ഹിമാചലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂര്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, ഛണ്ഡിഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, സിക്കിം സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട ശക്തിയേറിയ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച 4 പേര്‍ മരിച്ചു. ഇതുവരെ 9 പേരെ കാണാതായിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ചാര്‍ധാം യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തി വച്ചു.