അദാനി കമ്പനിക്കെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണം നടന്നുവെന്ന ആരോപണവുമായി ഹിൻഡൻബെർഗ്. അദാനിയുമായി ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചുവെന്നാണ് ഹിൻഡൻബെർഗ് റിസർച്ച് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. 2021ലാണ് ഇത്തരത്തിൽ പണം മരവിപ്പിച്ചതെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഗൗതം അദാനിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി 310 മില്യൺ ഡോളർ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചുവെന്നും ഹിൻഡൻബർഗ് പറയുന്നു. അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലെ പണമാണ് മരവിപ്പിച്ചിരിക്കുന്നത്. സ്വിസ് മീഡിയ ഔട്ട്ലെറ്റായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഹിൻഡൻബർഗ് വിശദീകരിക്കുന്നു
ഫെഡറൽ ക്രിമിനൽ കോർട്ടിന്റെ ഉത്തരവ് പ്രകാരം ജനീവ പബ്ലിക് പ്രോസിക്യൂട്ടറാണ് അദാനിക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുന്നത്. അദാനിയുടെ ബിനാമിയുടെ പേരിൽ നിക്ഷേപിക്കപ്പെട്ട പണം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഹിൻഡൻബർഗ് വിശദീകരിച്ചിട്ടുണ്ട്. അതേസമയം ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. അസംബന്ധമായ ആരോപണമാണിത്. സ്വിസ് കോടതികളിലെ നടപടികളിൽ അദാനിക്ക് പങ്കില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.
അതേസമയം, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സെബി ചെയര്‍പെഴ്സണെതിരെ അന്വേഷണം വന്നേക്കും. കെസി വേണുഗോപാല്‍ എംപി അധ്യക്ഷനായ പാര്‍ലമെന്‍റ് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാധബി ബൂച്ചിനെ വിളിച്ചു വരുത്തിയേക്കുമെന്നാണ് വിവരം. സെബി ചെയര്‍പേഴ്സണ്‍ ഇരട്ട പദവിയിലിരുന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റി, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നിഴല്‍ കമ്പനികളില്‍ മാധബി ബൂച്ചിന് നിക്ഷേപമുണ്ട് തുടങ്ങിയ ആക്ഷേപങ്ങളിലാകും അന്വേഷണം.