ഡൽഹിയിലെ ബാബർ റോഡിന്റെ പേര് മാറ്റി ഹിന്ദു സേന; പുതിയ പേര് അയോദ്ധ്യ മാർഗ്

ഡൽഹിയിലെ ബാബർ റോഡിന്റെ സൂചനാ ബോർഡുകളിൽ അയോദ്ധ്യ മാർഗ് എന്ന പേരെഴുതിയ സ്റ്റിക്കറുകൾ പതിച്ച് ഹിന്ദു സേന. തിങ്കളാഴ്ച രാമക്ഷേത്ര ഉദ്ഘാടനം നടക്കാനിരിക്കെയാണ് പുതിയ സംഭവം.

അതേസമയം അയോദ്ധ്യ ഭൂമി തർക്ക കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിമാർക്ക് രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന് ക്ഷണം ലഭിച്ചത് വലിയ വാർത്തയായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, അശോക് ഭൂഷൺ, എസ്എ അബ്ദുൽ നസീർ, ഡിവൈ ചന്ദ്രചൂഡ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. ഇതിൽ ജസ്റ്റിസ് ചന്ദ്രചൂഢ് ഒഴികെയുള്ളവരെല്ലാം വിരമിച്ചവരാണ്.

വ്യത്യസ്‌ത മേഖലകളിൽ നിന്നുള്ള ഏഴായിരത്തോളം പേർക്കാണ് അയോധ്യയിലേക്ക് ക്ഷണം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിനു തുടക്കം കുറിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രം പ്രസിഡന്റ് മഹന്ത് നകൃത്യഗോപാൽദാസ് കർമങ്ങൾക്കു നേതൃത്വം നൽകും.

Read more

1992 ഡിസംബർ ആറിനാണ് കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നത്. പിന്നീട് വർഷങ്ങൾ നീണ്ട ഭൂമി തർക്കങ്ങക്കൊടുവിൽ 2019 നവംബർ ഒൻപതിനായിരുന്നു ബാബറി കേസിലെ നിർണായക വിധി വന്നത്. ബാബറി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകുകയായിരുന്നു അഞ്ചംഗ സുപ്രീംകോടതി ബെഞ്ച്. മുസ്‍ലിംകൾക്കു നഷ്ടപരിഹാരമായി അയോധ്യയിൽ തന്നെ അഞ്ച് ഏക്കർ ഭൂമി നൽകാനും കോടതി ഉത്തരവിട്ടിരുന്നു.