ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ കലാപ ബാധിത പ്രദേശങ്ങളില്‍ സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് ഹിന്ദു മുസ്ലിം സമുദായത്തിലുള്ളവര്‍ ഇന്ന് ദേശീയ പതാകയുമായി തിരംഗ യാത്ര നടത്തും. ഇരു സമുദായങ്ങളില്‍ നിന്നും 25 പേര്‍ വീതമാണ് യാത്രയില്‍ പങ്കെടുക്കുന്നത്.
കുശല്‍ ചൗക്കില്‍ നിന്നാണ് പതാകയുമേന്തിയുള്ള മാര്‍ച്ച് ആരംഭിക്കുക. ബി ബ്ലോക്ക്, മാര്‍ക്കറ്റ്, മസ്ജിദ്, ക്ഷേത്രം, ജി ബ്ലോക്ക്, ഭൂമി ഘട്ട് എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പദയാത്ര ആസാദ് ചൗക്കില്‍ അവസാനിക്കും. വന്‍ സുരക്ഷ ഒരുക്കിയിരിക്കുന്ന പ്രദേശത്ത് മാര്‍ച്ച് നടത്താന്‍ ഡല്‍ഹി പൊലീസിന്റെ അനുമതിയുണ്ട്.
കഴിഞ്ഞ ദിവസം അമന്‍ സമിതിയിലെ അംഗങ്ങള്‍ ഇവിടെ ഒത്തുചേര്‍ന്നിരുന്നു. ജഹാംഗീര്‍പുരിയിലെ സമാധാനം സംരക്ഷിക്കുന്നതിനായി ഒത്തു ചേര്‍ന്ന ഇരു സമുദായത്തിലുള്ള ആളുകള്‍ പരസ്പരം ആലിംഗനം ചെയ്ത് സാഹോദര്യത്തിന്റെ സന്ദേശം പങകുവെയ്ക്കുകയും ചെയ്തിരുന്നു.
തലസ്ഥാനത്ത് എല്ലാ മതത്തിലുള്ളവരുടെയും ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആരും ഇതര സമുദായക്കാരുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് അമന്‍ സമിതിയുടെ ലക്ഷ്യം. 1980ലാണ് സമിതി രൂപീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, വിവിധ സമുദായങ്ങളിലെ പ്രമുഖര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.