കര്‍ണാടകയില്‍ സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് ഹിന്ദുത്വ പ്രവര്‍ത്തകര്‍. മാണ്ഡ്യ ജില്ലയിലെ നിര്‍മല ഇംഗ്ലീഷ് ഹൈസ്‌കൂളിലെ ആഘോഷമാണ് തടഞ്ഞത്. സ്‌കൂളിലേക്ക് എത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഘോഷം തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് നിര്‍മല ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആന്‍ഡ് കോളജ് പ്രിന്‍സിപ്പാള്‍ കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു. ഹിന്ദുക്കളുടെ ആഘോഷമായ ഗണേശോത്സവം ആഘോഷിക്കണമെന്നും സരസ്വതി ദേവിയുടെ ചിത്രം സ്‌കൂളില്‍ വെയ്ക്കണമെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു.
എല്ലാവര്‍ഷവും സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാറുണ്ട്. കോവിഡ് നിയന്ത്രണം കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷം ഉണ്ടായിരുന്നില്ല. ഇത്തവണയും ഒഴിവാക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ചെറിയ രീതിയില്‍ ആഘോഷിക്കാന്‍ അനുമതി നല്‍കുകയായിരുന്നു എന്നും കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കേക്ക് വാങ്ങിയത് എന്നും അവര്‍ പറഞ്ഞു. അതേ സമയം ഒരു രക്ഷിതാവ് ആഘോഷത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
സ്‌കൂളില്‍ ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ മാത്രമാണ് നടത്താറുള്ളത് എന്നും ഹിന്ദു ആഘോഷങ്ങള്‍ സംഘടിപ്പിക്കാറില്ലെന്നും രക്ഷിതാക്കളില്‍ ഒരാള്‍ ഹിന്ദുത്വ സംഘടനകളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലയാണ് പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി ആഘോഷം തടഞ്ഞത്. സ്‌കൂളില്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. ഈ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
കര്‍ണാടകയിലെ ക്രിസ്ത്യാനികള്‍ക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം കര്‍ണാടകയിലെ ചിക്കബെല്ലാപുരില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. 160 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും ആക്രമണത്തില്‍ തകര്‍ത്തിരുന്നു. ഡിസംബര്‍ ആദ്യം മതപരിവര്‍ത്തനം ആരോപിച്ച് കര്‍ണാടകയിലെ കോലാറില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ തീയിടുകയും ചെയ്തിരുന്നു.