ആര്‍എസ്എസ് മേധാവിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ദല്‍ഹിയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും മേധാവി മോഹന്‍ ഭഗവതിനെതിരെ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. യൂട്യൂബറും എഴുത്തുകാരനുമായ സന്ദീപ് ദിയോയാണ് ഡല്‍ഹിയില്‍ പരാതി നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ മുന്‍ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവും പരാതിയുടെ പകര്‍പ്പ് തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ആര്‍എസ്എസിനെ മുഖമാസികയായ പാഞ്ചജന്യയുടെ എഡിറ്റര്‍ പ്രഫുല്‍ കേത്കര്‍, ഓര്‍ഗനൈസര്‍ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എന്നിവര്‍ക്കെതിരെയും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. രണ്ട് ആര്‍എസ്എസ് മുഖപത്രങ്ങളുമായി ഭഗവത് അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ ഹിന്ദു മതം സ്വവര്‍ഗരതിയെ അംഗീകരിക്കുകയും ദൈവങ്ങളെ ബന്ധപ്പെടുത്തുകയും ചെയ്തുവെന്ന് പറയുന്നതായി പരാതിയില്‍ പറയുന്നു.
ആര്‍എസ്എസ് മേധാവി കൃഷ്ണനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹിന്ദുവികാരം വൃണപ്പെടുത്തുന്ന രീതിയാണ് ആര്‍എസ്എസ് മേധാവി സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍, ക്രിമിനല്‍ കേസ് എടുക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ കീഴിലുള്ള രണ്ട് മാസികകളുടെയും എഡിറ്റര്‍മാരോട് മാപ്പ് പറയണമെന്നും ഇതു മാസികയിലൂടെ അച്ചടിച്ച് പ്രചരിപ്പിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.