അധികാരമല്ല ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും എന്റെ പ്രധാന കർത്തവ്യം എന്റെ ജനങ്ങൾക്ക് ഒരു ‘പ്രധാന സേവകൻ’ ആവുക എന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 83-ാമത് മൻ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1971 ലെ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ 50-ാം വാർഷികാഘോഷം അടുത്ത മാസം നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സായുധ സേനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഡിസംബറിൽ നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കും. ഡിസംബർ 6 ന് ബാബാസാഹെബ് അംബേദ്കറുടെ ചരമവാർഷികമാണ്. ഭരണഘടന അനുശാസിക്കുന്ന കടമകൾ എല്ലാവരും നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സ്റ്റാർട്ടപ്പുകളുടെ യുഗമാണെന്നും, ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ കാൽപ്പാട് പതിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2015 ന് മുമ്പ് 10-15 സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ അടുത്ത് വന്ന കണക്കുകൾ പ്രകാരം കോവിഡിനിടയിൽപ്പോലും 1 ബില്യണിലധികം മൂല്യം കൈവരിച്ച 70 ലധികം സ്റ്റാർട്ട്പ്പുകൾ നമുക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും ഒരു രാജ്യത്തിന്റെ യുവത്വത്തെ അടയാളപ്പെടുത്തുന്നു. ഇത് രാജ്യത്തെ മുന്നോട്ട് നയിക്കും. തൊഴിലന്വേഷകരാകാൻ മാത്രമല്ല, തൊഴിലവസരം സൃഷ്ടിക്കുന്നവരായും ആളുകൾ മാറുന്നത് ആഗോള തലത്തിൽ ഇന്ത്യയുടെ യശസ്സ് കൂടുതൽ ശക്തിപ്പെടുത്തും.
Read more
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. നമുക്ക് ചുറ്റുമുള്ള പ്രകൃതി വിഭവങ്ങൾ എന്തൊക്കെയാണെങ്കിലും, അവയെ സംരക്ഷിക്കണം. അത് നമ്മളുടെയും ലോകത്തിന്റെയും ആവശ്യമാണ്. പരിസ്ഥിതി സൗഹൃദമായ ജീവിത രീതി തിരഞ്ഞെടുക്കണം. കോവിഡിനെതിരെയുള്ള പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനാൽ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.