ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ കര്‍ണാടകയിലേക്ക്; ബൈലക്കുപ്പെയില്‍ കനത്ത സുരക്ഷ

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ കര്‍ണാടകയില്‍. ജനുവരി നാല് മുതല്‍ ഒരു മാസത്തേക്കാണ് അദ്ദേഹം കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തുക. മൈസൂരുവിന് അടുത്തുള്ള കുടകിലെ ബൈലക്കുപ്പെയിലാണ് അദ്ദേഹം താമസിക്കുക.
ജനുവരി നാലിന് അദ്ദേഹം ബെംഗളൂരുവിലെത്തും. ഒരു ദിവസം ഇവിടെ തങ്ങി പിറ്റേന്ന് ബൈലക്കുപ്പയിലേക്ക് പോകും.

ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയാണ് ദലൈലാമയുടെ നിലവിലെ ആസ്ഥാനം. അവിടെ ഇപ്പോള്‍ കഠിനമായ തണുപ്പുള്ള കാലാവസ്ഥയാണ്. അതുകൊണ്ടാണ് ബൈലക്കുപ്പയിലേക്ക് വരുന്നത്. കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തിന് അമേരിക്കയില്‍ കാല്‍മുട്ട് ശസ്ത്രക്രിയ നടത്തിയിരുന്നു. ഓഗസ്റ്റിലാണ് തിരിച്ചെത്തിയത്. രാജ്യത്ത് ധര്‍മശാല കഴിഞ്ഞാല്‍ ലോകത്തെ വലിയ ടിബറ്റന്‍ കേന്ദ്രമാണ് ബൈലക്കുപ്പയിലേത്. 2017ലാണ് ദലൈലാമ അവസാനമായി കര്‍ണാടകയിലെത്തിയത്. ദലൈലാമ വരുന്നതിന്റെ ഭാഗമായി ബൈലക്കുപ്പെയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.