പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. മോദിയുടെ പോളണ്ട്, യുക്രെയ്ന്‍ സന്ദര്‍ശനത്തെ അഭിനന്ദിക്കാനാണ് ബൈഡന്‍ ഫോണ്‍ വിളിച്ചത്.പ്രധാനമന്ത്രിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞത്.
മോദിയുമായി താന്‍ സംസാരിച്ചെന്നും ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും സംഭാവന ചെയ്യാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉറപ്പിച്ചതായും ബൈഡന്‍ വ്യക്തമാക്കി.
ഇന്ത്യയും യു.എസും തമ്മിലുള്ള പങ്കാളിത്തം ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ക്കൊപ്പം മാനവരാശിക്കാകെ പ്രയോജനമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് നേതാക്കള്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധമടക്കമുള്ള ഭൗമരാഷ്ട്രീയസംഘര്‍ഷങ്ങളെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ചചെയ്തു. ബംഗ്ലാദേശില്‍ ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിനെപ്പറ്റിയും ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നേതാക്കള്‍ സംസാരിച്ചു.
തന്റെ യുക്രൈന്‍ സന്ദര്‍ശനത്തെക്കുറിച്ചും മോദി ബൈഡനോട് വിവരിച്ചു. ഇന്ത്യയും യു.എസും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തമാക്കുന്നതിലെ ബൈഡന്റെ പ്രതിജ്ഞാബദ്ധതയെ മോദി പ്രശംസിച്ചു. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തെക്കുറിച്ചും ചര്‍ച്ച നടത്തി.