13 വർഷത്തിന് ശേഷം ഇന്ത്യൻ ദേശീയ പതാക ഒളിമ്പിക്സ് വേദിയിൽ ഉയർന്നതിന് പിന്നാലെ രാജ്യമൊന്നാകെ നീരജ് ചോപ്രയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡന്റ് രാം നാഥ് കോവിഡ്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി എല്ലാ തുറകളിൽ നിന്നും നീരജിന് ആശംസാ പ്രവാഹം.
ടോക്കിയോയിൽ ചരിത്രം പിറന്ന്. നീരജ് ചോപ്രയുടെ പ്രകടനം എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടും. സ്വർണ്ണം നേടയതിൽ ആശംസ പങ്ക് വച്ച് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
നീരജ് ചോപ്രയുടെ അഭൂതപൂർവമായ വിജയം. ജാവലിൻ സ്വർണ്ണം ചരിത്ര നിമിഷമായി. ആദ്യ ഒളിമ്പിക്സിൽ തന്നെ നിങ്ങൾ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യയ്ക്കായി മെഡൽകൊണ്ടു വന്നിരിക്കുന്നു. നിങ്ങളുടെ വിജയം യുവാക്കൾക്ക് പ്രചോദനമാകും. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ- രാഷ്ട്രപതി രാം നാഥ് കോവിഡ് കുറിച്ചു.
രാജ്യമൊന്നടങ്കം ആഹ്ലാദത്താൽ ഹർഷാരവം മുഴക്കുന്ന നിമിഷമാണിത്. അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജാവലിൻ ത്രോ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച നീരജ് ചോപ്ര നേടിയിരിക്കുന്നു. ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിൻ്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായിമാറിയിരിക്കുന്നു. അദ്ദേഹത്തിന് ഹൃദയപൂർവം അഭിനന്ദനങ്ങൾ നേരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിലെഴുതി.
പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമാണ് നീരജിനെ ഐതിഹാസികമായ സുവർണപ്പതക്കത്തിൽ എത്തിച്ചത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് അത്‌ലറ്റിക്‌സിൽ സ്വർണം ലഭിക്കുന്നത്.
അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന താരമായും നീരജ് മാറി. നീരജിന്റെ സ്വർണനേട്ടത്തോടെ ടോക്യോയിൽ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം ഏഴിലേക്ക് ഉയർന്നു. ഒളിമ്പിക്‌സിൽ ഇന്ത്യ ഇതാദ്യമായാണ് ഏഴ് മെഡലുകൾ സ്വന്തമാക്കുന്നത്.
ഫൈനലിലെ രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിനെ ഐതിഹാസികമായ സുവർണപ്പതക്കത്തിൽ എത്തിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെച്ച് (86.67), വെസ് ലി വിറ്റെസ്ലാവ്(85.44) എന്നിവർ വെള്ളിയും വെങ്കലവും നേടി.