എച്ച്എംപിവി പുതിയ വൈറസ് അല്ലെന്നും, രാജ്യത്തെ ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദേഹം പറഞ്ഞു. 2001-ല്‍ തിരിച്ചറിഞ്ഞ ഈ വൈറസ് വര്‍ഷങ്ങളായി ആഗോളതലത്തില്‍ പലയിടങ്ങളിലുമുണ്ടെന്നും മന്ത്രി പറഞ്ഞു. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് രോഗം പ്രധാനമായും കണ്ടുവരുന്നത്.
അതേസമയം, രോഗമുണ്ടാക്കാന്‍ സാധ്യതയുള്ള ഏത് പ്രശ്‌നത്തേയും കൈകാര്യം ചെയ്യാന്‍ ഇന്ത്യ സജ്ജമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി.രോഗികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ ഇതുവരെ 6 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ചെന്നൈ, ഗുജറാത്ത്, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായിട്ടാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് കുട്ടികളിലാണ്. ചൈനയില്‍ പടര്‍ന്നു വരുന്ന വൈറസുമായി ഇതിനു ബന്ധമില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാകുന്നത്. അതേസമയം ചൈനയില്‍ ഹ്യൂമണ്‍ മെറ്റാപ് ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയില്‍ ആറ് എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന വൈറസുമായി ഇതിനു ബന്ധമില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാകുന്നത്.
Read more
ബെംഗളൂരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്.