ബെംഗളുരുവിനും, ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രണ്ട് കുട്ടികളിലാണ് രോഗം ബാധിച്ചിരിക്കുന്നത്. തേനംപെട്ട്, ഗിണ്ടി എന്നി സ്ഥലങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകും.
ഗുജറാത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളുരുവിൽ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 3 മാസം പ്രായമുള്ള പെൺകുട്ടിക്കും 8 മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
Read more
അതേസമയം രാജ്യത്ത് ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ രോഗത്തെ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. മരുന്നുകൾ കരുതണമെന്നും ഐസൊലേഷൻ സജ്ജമാക്കണമെന്നും ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി. ഐസൊലേഷൻ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. എച്ച്എംപിവി കൂടാതെ മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകൾ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാൻ തയ്യാറാകണമെന്നും ആശുപത്രികൾക്ക് നിർദ്ദേശമുണ്ട്. സീരിയസ് അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ, ലാബ് സ്ഥിരീകരിച്ച ഇൻഫ്ലുവൻസ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആരെങ്കിലും ചികിത്സ തേടിയാൽ ഇൻ്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം (ഐഎച്ച്ഐപി) പോർട്ടലിൽ റിപ്പോർട്ട് ചെയ്യണം. ഇതിന് പുറമെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.