'രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകളും തകർക്കും'; വിമാനങ്ങള്‍ക്ക് പിന്നാലെ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി

ഡൽഹിയിലെ സിആ‌ർപിഎഫ് സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടായ പിന്നാലെ രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് ഇമെയിലിലൂടെ വ്യാജ ഭീഷണി സന്ദേശം എത്തിയത്. ക്ലാസ്മുറികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ന് രാവിലെ 11 മണിക്ക് സ്കൂളുകൾ തകർക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമെന്ന് വ്യക്തമാവുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് ഡൽഹി രോഹിണിയിലെ സിആ‌ർപിഎഫ് സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടായത്. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകൾക്കും ഭീഷണി സന്ദേശം എത്തിയത്. അതേസമയം സ്ഫോടനം നടക്കുന്നതിന് മുൻപ് സ്ഥലത്തെത്തിയ വെള്ള ടീഷർട്ട് ധരിച്ച ഒരാളുൾപ്പടെ നാല് പേർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്.

സഫോടനത്തിന് മണിക്കൂറുകൾക്ക് മുൻപ് വെള്ള ടീഷർട്ട് ധരിച്ചയാൾ സ്ഥലത്തെത്തിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. റിമോട്ടിലൂടെയോ, നേരത്തെ സമയം സെറ്റ് ചെയ്തോ ആണ് ബോംബ് പ്രവർത്തിപ്പിച്ചത്. കേസിൽ ഖലിസ്ഥാൻ ബന്ധം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ തെളിവ് കിട്ടിയില്ലെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. എന്നാൽ നിരോധിത സംഘടനയായ ഖലിസ്ഥാൻ സിന്ദാബാദുമായി ബന്ധമുള്ള ടെല​ഗ്രാം ​ഗ്രൂപ്പിലാണ് ആദ്യം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോസ്റ്റുകൾ വന്നത്. ​

Read more

ഖലിസ്ഥാൻ ഭീകരൻ ​ഗുർപത്വന്ത് സിം​ഗ് പന്നുവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് അമേരിക്ക ആരോപിക്കുന്ന വികാസ് യാദവ് നേരത്തെ സിആർപിഎഫ് ഉദ്യോ​ഗസ്ഥനായിരുന്നു. സ്ഫോടനം നടത്താനും ഇപ്പോൾ ഭീഷണി സന്ദേശങ്ങൾ അയക്കാനും സിആർപിഎഫ് സ്കൂൾ തെരഞ്ഞെടുത്തതിന് ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം രാജ്യത്താകമാനം വിമാന സർവീസുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശങ്ങൾ വരുന്നതിന് പിന്നാലെയാണ് ഇപ്പോൾ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി ഉണ്ടാകുന്നത്.