ഇല്ല, ഇനി ഒരു കെജ് രിവാള്‍ ഉണ്ടാവില്ലെന്ന് അണ്ണാ ഹസാരെ

തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ് രിവാള്‍ കൂടി ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായി അണ്ണാ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. മാര്‍ച്ച് 23 ന് രാജ്യതലസ്ഥാനത്ത് പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും അതില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്നും ഹസാരെ
ആവശ്യപ്പെട്ടു.

ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ് രിവാള്‍ 2011ല്‍ അണ്ണ ഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. എന്നാല്‍ പിന്നീട് കേജ് രിവാള്‍ ഹസാരെയുടെ പ്രസ്ഥാനത്തില്‍ നിന്ന് വേര്‍പെട്ട് സ്വന്തമായി പാര്‍ട്ടി രൂപികരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് മറ്റൊരു കേജ് രിവാള്‍ തന്റെ പ്രക്ഷോപത്തില്‍ നിന്ന് ഉണ്ടാവില്ലെന്ന് ഹസാരെ പ്രസ്താവിച്ചത്.യുപിഎ സര്‍ക്കാര്‍ ജനലോക്പാല്‍ബില്‍ നിയമം കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടെന്നും പിന്നീട് വന്ന മോദി സര്‍ക്കാര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തെന്നും ഹസാരെ ആരോപിച്ചു.

ലോക്പാല്‍ ബില്ല് വിഷയത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരു പോലെ കുറ്റക്കാരാണെന്നും ഹസാരെ പറഞ്ഞു. സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷം കഴിഞ്ഞിട്ടും യഥാര്‍ഥ അര്‍ഥത്തിലുള്ള ജനാധിപത്യം ഇനിയും ഇന്ത്യയില്‍ സാധ്യമായിട്ടില്ല.നമുക്ക് മുതലാളികളുടെ സര്‍ക്കാരിനെയല്ല വേണ്ടത്. മോദിയെയും രാഹുലിനെയും നമുക്ക് വേണ്ട. കര്‍ഷകരുടെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയാണ് നമുക്കാവശ്യം”, ഹസാരെ കൂട്ടിച്ചേര്‍ത്തു