മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജനിച്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ആനന്ദ് ഭവന് 4.35 കോടിരൂപ നല്‍കാന്‍ ആവശ്യപ്പെട്ട് ഭവന നികുതി നോട്ടീസ്. പാര്‍പ്പിടം എന്ന ഗണത്തില്‍ നിന്ന് ഒഴിവാക്കി 2013 മുതലുള്ള കുടിശ്ശിക അടക്കമാണ് ഇത്രയും തുക നികുതിയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ ആസ്ഥാനമായ ആനന്ദ് ഭവന്‍ നടത്തുന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ട്രസ്റ്റാണ്.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ടറ്റും പ്രോപ്പര്‍ട്ടി ടാക്‌സ് നിയമങ്ങളും അനുസരിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് പ്രയാഗ്രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ടാക്‌സ് അസസ്‌മെന്റ് ഓഫീസര്‍ പി കെ മിശ്ര വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. നികുതി തുക തീരുമാനിക്കാന്‍ ഞങ്ങള്‍ ഒരു സര്‍വേ നടത്തിയിരുന്നു. എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിലയിരുത്തല്‍ അന്തിമമാക്കി നോട്ടീസ് അയക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ട്രസ്റ്റിനെ എല്ലാത്തരം നികുതികളില്‍ നിന്നും ഒഴിവാക്കിയതിനാല്‍ ആനന്ദ് ഭവന് നികുതി ചുമത്താനാവില്ലെന്ന് മുന്‍ പിഎംസി മേയര്‍ ചൗധരി ജിതേന്ദ്ര നാഥ് സിംഗ് പറഞ്ഞു. ആനന്ദ് ഭവനില്‍ നികുതി ചുമത്തുന്നത് തെറ്റാണ്. ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ട്രസ്റ്റിന് കീഴിലാണ് ഈ കെട്ടിടം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇത് സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകവും മ്യൂസിയവുമാണ്. ഇത് വിദ്യാഭ്യാസകേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് ബിജെപി സര്‍ക്കാര്‍ നികുതി ചുമത്തിയതെന്ന് നഗരവാസിയായ അഭ അവസ്തി ആരോപിച്ചു.”ആനന്ദ് ഭവന്‍ സ്വാതന്ത്ര്യസമരത്തിന്റെ ക്ഷേത്രമാണ്. നികുതി ചുമത്തുന്നത് കോണ്‍ഗ്രസ് രഹിത ഇന്ത്യയ്ക്കും നെഹ്റു വിമുക്ത ലോകത്തിനുമായുള്ള ബി.ജെ.പിയുടെ അജണ്ടയ്ക്ക് അനുസൃതമാണ്. ഇത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ചെയ്തതാണ്,” അദ്ദേഹം പറഞ്ഞു.