ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പോകരുതെന്ന് പറയാനാകില്ല; സദാചാര പൊലീസ് കളിക്കരുത്; അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ കടുത്ത ഭാഷയില്‍ മദ്രാസ് ഹൈക്കോടതി

അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. കേസിന്റെ എഫ്ഐആര്‍ ചോര്‍ന്നത് പൊലീസിന്റെ കൈയില്‍ നിന്നാണെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ കുറിച്ച് മോശമായി സംസാരിക്കാന്‍ ആര്‍ക്കും അവകാശമില്ല. പുരുഷ സുഹൃത്തിനൊപ്പം സമയം ചിലവിടുന്നത് അവളുടെ അവകാശമാണ്. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പോകരുതെന്ന് സര്‍വകലാശാലയ്ക്ക് പറയാനാകില്ല. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് അസംബന്ധ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. സദാചാര പൊലീസ് കളിക്കേണ്ടെന്നും കോടതി താക്കീത് ചെയ്തു.

പെണ്‍കുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സര്‍ക്കാരാണ്. പൊലീസിന് ക്യാംപസില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂര്‍ണസ്വാതന്ത്യം നല്‍കിയിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

ക്യാമ്പസില്‍ ദുരനുഭവം നേരിട്ട പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ മുന്നോട്ടുവരണം എന്ന് കോടതി പറഞ്ഞു.10 വര്‍ഷമായി പ്രതി ക്യാമ്പസില്‍ കയറിയിറങ്ങുന്നു. എന്തെല്ലാം സംഭവിച്ചിട്ടുണ്ടാകുമെന്ന് ആര്‍ക്കറിയാം എന്നും കോടതി ചോദിച്ചു.

പെണ്‍കുട്ടിയും സുഹൃത്തും പള്ളിയില്‍ ക്രിസ്മസ് പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷം ക്യാമ്പസില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു. ഈ സമയത്ത് രണ്ട് പുരുഷന്മാര്‍ അവരുടെ അടുത്തുവന്ന് സുഹൃത്തിനെ ആക്രമിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നും വാദത്തിനിടെ കോടതി പറഞ്ഞു.

പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കന്യാകുമാരി സ്വദേശിയുടെ പരാതിയില്‍ പറയുന്നു. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കാംപസിനുള്ളിലേയും സമീപത്തേയും മുപ്പതോളം സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് പ്രതിയിലേക്കെത്തിയത്.

അണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തില്‍ ജ്ഞാനശേഖരന്‍ (35) എന്നയാളെ കോട്ടൂര്‍പുരം ഓള്‍ വുമണ്‍ പോലീസ് അറസ്റ്റുചെയ്തു. ക്യാമ്പസിന് സമീപം ബിരിയാണി കട നടത്തുന്ന ആളാണ് ജ്ഞാനശേഖരന്‍.

Read more

പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലും കൈയും ഒടിഞ്ഞ പ്രതിയെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പേരില്‍ കൊലപാതക ശ്രമം, കവര്‍ച്ച, സ്ത്രീകളെ ആക്രമിക്കല്‍ തുടങ്ങി ഒട്ടേറെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. സൈദാപ്പേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.