ഗുജറാത്തിലെ ഒരു സ്കൂൾ പരീക്ഷയിൽ മഹാത്മാ ഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്ന ചോദ്യം വന്നത് വിവാദമാകുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കാൻ ഗുജറാത്ത് വിദ്യാഭ്യാസ അധികൃതർ ഉത്തരവിട്ടു. സമ്പൂർണ മദ്യനിരോധനമുള്ള ഗുജറാത്തിൽ മദ്യക്കടത്തിനെകുറിച്ചു വന്ന ചോദ്യവും അധികൃതരെ കുഴക്കിയിരിക്കുകയാണ്.
ഗുജറാത്തിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളോട് ചോദിച്ച ചോദ്യമാണ് “സുഫാലം ശാല വികാസ് സങ്കുൽ” ബാനറിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ ആഭ്യന്തര വിലയിരുത്തൽ പരീക്ഷയിലാണ് എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്? എന്ന ചോദ്യം വന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗാന്ധിനഗറിൽ സർക്കാർ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനയാണ് സുഫാലം ശാല വികാസ് സങ്കുൽ.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഒരു പരീക്ഷാ പേപ്പറിലെ മറ്റൊരു ചോദ്യം “നിങ്ങളുടെ പ്രദേശത്ത് മദ്യ വിൽപ്പന വർദ്ധിച്ചതിനെക്കുറിച്ചും മദ്യ കടത്തുകാർ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും പരാതിപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഒരു കത്ത് എഴുതുക” എന്നതാണ്.
ഒരു കൂട്ടം സ്വാശ്രയ സ്കൂളുകളിലും ഗ്രാന്റുകൾ ലഭിക്കുന്ന സ്കൂളുകളിലും ശനിയാഴ്ച നടന്ന ഇന്റേണൽ അസസ്മെന്റ് പരീക്ഷകൾക്ക് ഈ രണ്ട് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചോദ്യങ്ങൾ വളരെ ആക്ഷേപകരമാണ്, ഞങ്ങൾ ഒരു അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് വന്നതിന് ശേഷം നടപടിയെടുക്കുമെന്ന് ഗാന്ധിനഗറിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരത് വാദർ പറഞ്ഞു.
സുഫാലം ശാല വികാസ് സങ്കുലിന്റെ ബാനറിൽ പ്രവർത്തിക്കുന്ന ഈ സ്കൂളുകളുടെ മാനേജ്‌മെന്റാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.