മണ്ണെണ്ണ വില കുത്തനെ വര്‍ധിപ്പിച്ചു. മണ്ണെണ്ണയ്ക്ക് ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും.
നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും. ഒരു വര്‍ഷം മുന്‍പ് വില 28 രൂപയായിരുന്നു. വില വര്‍ധനവ് ഗണ്യമായി കൂടുമ്പോള്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
2025ഓടെ മണ്ണെണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും സൂചിപ്പിക്കുന്നതെന്ന് മണ്ണെണ്ണ വ്യാപാരികള്‍ പറയുന്നു.