പ്രണയിനിയെ കെട്ടിപിടിക്കുന്നതും ചുംബിക്കുന്നതും കുറ്റമല്ലെന്ന് വ്യക്തമാക്കി യുവാവിനെതിരെ 19കാരി നൽകിയ പരാതി റദ്ധാക്കി മദ്രാസ് ഹൈക്കോടതി. പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമാണെന്നും അത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വെങ്കിടേഷിന്റേതാണ് ഉത്തരവ്.
വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെതിരെ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. കൗമാരപ്രായത്തിലുള്ള പ്രണയം ഒരു കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. യുവാവിനെതിരായ ക്രിമിനൽ നടപടികളാണ് കോടതി റദ്ധാക്കിയത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഹരജിക്കാരൻ തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചുവെന്നായിരുന്നു 19 കാരിയായ പെൺകുട്ടിയുടെ പരാതി.
ഹരജിക്കാരൻ പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐപിസി സെക്ഷൻ 354-A(1) പ്രകാരമാണ് കേസ് എടുത്തത്. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടുന്ന ഐപിസി സെക്ഷൻ പ്രകാരം ക്രിമിനൽ കുറ്റമാക്കാൻ ആവശ്യമായ ഘടകങ്ങൾ ആരോപണത്തിൽ ഇല്ലെന്ന് കോടതി കണ്ടെത്തി. ഇരു കക്ഷികളും കൗമാരക്കാരാണെന്നും ഇരുവരും അറിഞ്ഞുതന്നെയാണ് കാണുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്‌തതെന്നും കോടതി നിരീക്ഷിച്ചു.
കൗമാരപ്രായത്തിൽ പ്രണയബന്ധം പുലർത്തുന്ന രണ്ടുപേർ പരസ്പരം ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യുന്നത് തികച്ചും സ്വാഭാവികമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഐപിസിയുടെ സെക്ഷൻ 354-എ(1)(ഐ) പ്രകാരം ഇത് ഒരു വിധത്തിലും കുറ്റകരമാക്കാൻ കഴിയില്ല എന്ന് കോടതി പറഞ്ഞു. പോലീസ് അന്വേഷണം പൂർത്തിയാക്കി ശ്രീവൈഗുണ്ടം ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ.