ഹൈദരാബാദിലെയും ഗ്രാമപ്രദേശങ്ങളിലെയും നിരവധി സ്ഥലങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായുള്ള ഇടതടവില്ലാത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം. അടുത്ത മൂന്ന് ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. തെലങ്കാനയിലെ പല പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൈദരാബാദിൽ 600 ഓളം കെട്ടിടങ്ങൾ ദുർബലമാണെന്ന് പ്രഖ്യാപിച്ചു.
വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നദികളും അരുവികളും കവിഞ്ഞൊഴുകി, ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജയശങ്കർ ഭൂപാൽപള്ളി ജില്ലയിൽ കുന്ദൻപള്ളി ഗ്രാമത്തിലെ 12 കർഷകരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.